തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘മിഷന്‍ 110’ അവതരിപ്പിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിമാരുടെ പ്രത്യേക യോഗത്തിലാണ് ‘മിഷന്‍ 110’ മുഖ്യമന്ത്രി അവതരിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 110 സീറ്റുകള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി മന്ത്രിമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കി. സിറ്റിങ് സീറ്റുകള്‍ക്കൊപ്പം കുറഞ്ഞ വോട്ടിന് തോറ്റ സീറ്റുകള്‍ കൂടി പിടിച്ചെടുക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.
വിവാദങ്ങളില്‍ നിന്ന് സര്‍ക്കാരിനെ മാറ്റിയെടുക്കാന്‍ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് പാര്‍ട്ടിയുടെ തീരുമാനം.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് ജാഥ ഫെബ്രുവരി ഒന്നു മുതല്‍ 15 വരെ നടക്കും. മൂന്ന് മേഖലാജാഥകളാണ് ഉണ്ടാവുക. എംവി ഗോവിന്ദനും ബിനോയ് വിശ്വവും ജോസ് കെ മാണിയും ആയിരിക്കും ജാഥാ ക്യാപ്റ്റന്‍മാര്‍.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി അവലോകനത്തില്‍ കടുപ്പിക്കാത്ത നിലപാടാണ് സിപിഐ സ്വീകരിച്ചത്. ഭരണവിരുദ്ധ വികാരവും ശബരിമലയും തിരിച്ചടിയായെന്നായിരുന്നു സിപിഐ പറഞ്ഞിരുന്നത്. എന്നാല്‍ യോഗത്തില്‍ നിലപാട് മയപ്പെടുത്തിയായിരുന്നു സിപിഐയുടെ പ്രതികരണം.
എല്‍.ഡി.എഫ് 110 സീറ്റുകള്‍ ലക്ഷ്യമിടുമ്പോള്‍, ഭരണം തിരിച്ചുപിടിക്കാന്‍ 100 സീറ്റ് ലക്ഷ്യമിട്ട് യുഡിഎഫും 40 സീറ്റ് ലക്ഷ്യമിട്ട് ബിജെപിയും പോരിനിറങ്ങിക്കഴിഞ്ഞു.







