തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആം ആദ്മി പാര്‍ട്ടിയും രംഗത്ത്. എഎപി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് ഇതുസംബന്ധിച്ച് അനുമതി നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ കെജ്രിവാള്‍ അടക്കമുള്ള നേതാക്കള്‍ കേരളത്തിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കെജ്രിവാള്‍ എഎപി നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. സീറ്റിനെ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയിലാണെന്ന് അറിയുന്നു.
കേരളത്തില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ ദേശീയ നേതൃത്വം അനുമതി നല്‍കിയതായി ആംആദ്മി കേരള അധ്യക്ഷന്‍ വിനോദ് മാത്യു പറഞ്ഞു. ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള തീരുമാനങ്ങളിലേക്ക് ഉടനെ കടക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ നല്ല മുന്നേറ്റം ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞുവെന്നും കേരളത്തിലെ മൂന്നു മുന്നണിയിലും എതിര്‍പ്പുള്ള ജനതയ്ക്കായി നാലാമതുള്ള പാര്‍ട്ടിയാണ് എഎപി എന്നും വിനോദ് മാത്യു പറഞ്ഞു.







