കാസര്‍കോട്: നങ്കൂരമിട്ട ബോട്ടില്‍ മൊബൈല്‍ ഫോണ്‍ നോക്കുന്നതിനിടയില്‍ മത്സ്യതൊഴിലാളിയെ കാണാതായതായി പരാതി. ഉത്തര കര്‍ണ്ണാടക, അങ്കോല, ബവിക്കേരിയിലെ നാഗപ്പ ഗൗഡയുടെ മകന്‍ സന്തോഷ് നാഗപ്പ ഗൗഡ (39)യെ ആണ് കാണാതായത്. സംഭവത്തില്‍ ബോട്ടുടമയുടെ ഭര്‍ത്താവായ എം ചന്ദ്രയുടെ പരാതിയില്‍ തൃക്കരിപ്പൂര്‍ തീരദേശ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ജനുവരി അഞ്ചിനു രാവിലെ കണ്ണൂര്‍, അഴീക്കല്‍ ഹാര്‍ബറില്‍ നിന്നാണ് സാഗര്‍ നിധി-2 എന്ന ബോട്ടില്‍ നാഗപ്പ ഗൗഡയും സംഘവും മത്സ്യബന്ധനത്തിനായി കടലില്‍ പോയത്. ബുധനാഴ്ച രാത്രി ഏഴിമല നേവല്‍ അക്കാദമിക്കു വടക്കുമാറി 3 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടതായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ ബോട്ടില്‍ ഇരുന്ന് ഫോണ്‍ നോക്കുന്നതിനിടയില്‍ കടലില്‍ വീണു കാണാതായതായി പരാതിയില്‍ പറയുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്.







