കാസര്‍കോട്: ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന നിയമസഭാ മണ്ഡലങ്ങളില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്നു അഭിപ്രായം. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡി സി സി അംഗങ്ങളുടെയും ബ്ലോക്ക് ഭാരവാഹികളുടെയും യോഗത്തിലാണ് ഇത്തരമൊരു അഭിപ്രായം ഉയര്‍ന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ ജില്ലയില്‍ വലിയ പ്രതീക്ഷകള്‍ക്ക് വകയുണ്ടെന്നും യോഗം വിലയിരുത്തി. വോട്ടര്‍ പട്ടികയില്‍ പരമാവധി പേരെ ചേര്‍ക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
അതേസമയം ജില്ലയിലെ മൂന്നു മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടവര്‍ ആരൊക്കെയായിരിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമായി.
കോണ്‍ഗ്രസ് ഇത്തവണ ഏറ്റവും വലിയ പ്രതീക്ഷ പുലര്‍ത്തുന്ന ഉദുമയില്‍ ബി പി പ്രദീപിന്റെ പേരിനാണ് മുന്‍ഗണന. യുവാക്കള്‍ക്കിടയിലും മണ്ഡലത്തിലും പൊതുവെയുള്ള സ്വീകാര്യതയാണ് പ്രദീപിനുള്ള മുന്‍തൂക്കത്തിനു കാരണം. ഹക്കീം കുന്നിലിന്റെ പേരും ചര്‍ച്ചയിലുണ്ട്. മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പേര് ഉയര്‍ന്നിരുന്നുവെങ്കിലും എം പി മാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന സംസ്ഥാന നേതൃയോഗ തീരുമാനം പുറത്തുവന്നതോടെ അതിനുള്ള സാധ്യത ഇല്ലാതായി.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ രണ്ടുപേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. മലയോരത്തു നിന്നുള്ള കോണ്‍ഗ്രസ് നേതാവ് രാജു കട്ടക്കയത്തിന്റേയും കാഞ്ഞങ്ങാട്ടെ പി.വി സുരേഷ് കുമാറിന്റേയും പേരുകളാണ് പരിഗണനയിലുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലം കേരള കോണ്‍ഗ്രസില്‍ നിന്നു ഏറ്റെടുക്കുകയാണെങ്കില്‍ ഡി സി സി പ്രസിഡന്റ് പി കെ ഫൈസലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭിപ്രായും പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട്.







