കാസര്‍കോട്: കുണിയ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നിന്നും വിദ്യാര്‍ഥിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമത്തിന് കേസ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോളേജില്‍ അതിക്രമിച്ച് കയറി പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പല്‍ ഡോ.പി.എസ്.ലക്ഷ്മീ ഭായിയേയും ജീവനക്കാരായ സുധീപ്, മുജീബ് എന്നിവരെ തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ചീത്തവിളിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. ബിഎ അറബിക് വിദ്യാര്‍ത്ഥികളായ ഷംസാദ്, മുഹമ്മദ് ജവാദ്, മുഹമ്മദ് അജ്മല്‍, മുഹമ്മദ് അബ്ദുള്‍ റഹ്‌മാന്‍, ബിബിഎ വിദ്യാര്‍ത്ഥി അബ്ദുളള, ബിഎസ് ഡബ്ല്യു വിദ്യാര്‍ത്ഥി റിഷാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വ്യാഴാഴ്ച ഉച്ചയ്ക്ക് കോളേജിലെ ഒരു വിദ്യാര്‍ത്ഥിയെ അധികൃതര്‍ പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഒരു വിദ്യാര്‍ത്ഥി കോളേജ് കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഒടുവില്‍ പൊലീസെത്തി അനുനയിപ്പിച്ചാണ് വിദ്യാര്‍ത്ഥിയെ താഴെയിറക്കിയത്.







