കുമ്പള:കുമ്പളയിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കരണത്തിൽ പൊറുതിമുട്ടി യാത്രക്കാർ.കുമ്പള ടൗണിന് സമീപം ബദിയടുക്ക കെഎസ്ടിപി റോഡിലാണ് ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി കുമ്പള ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി 5 ബസ് ഷെൾട്ടറുകൾ സ്ഥാപിച്ച് ബസ്സുകൾ നിർത്തിയിടാനും, യാത്രക്കാരെ കയറ്റാനും സംവിധാനം ഒരുക്കിയത്.പുതിയ ഗതാഗത പരിഷ്കരണം അശാസ്ത്രീയമാണെന്ന് നേരത്തെ തന്നെ യാത്രക്കാരും, വ്യാപാരികളും പരാതിപ്പെട്ടിരുന്നു.
ബസ് സ്റ്റോപ്പുകൾ സ്ഥാപിച്ച ഷെൾട്ടറിനരികിൽ റോഡിൽ തന്നെ സ്വകാര്യ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും നിർത്തിയിടുന്നതുമാണ് ഇപ്പോൾ യാത്രക്കാർക്കും, ബസ്സുകൾക്കും ദുരിതമാകുന്നത്. മംഗളൂരു,കാസർകോട് , തലപ്പാടി ബസ്സുകളൊക്കെ യാത്രക്കാരെ കയറ്റാൻ നിർത്തിയിടുന്നത് ഇവിടെയാണ്.ഈ സ്ഥലത്ത് മറ്റ് വാഹനങ്ങൾ നിർത്തിയിടുന്നത് മൂലം വരുന്ന ബസ്സുകൾ റോഡിന് കുറുകെ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നത്.ഇത് യാത്രക്കാരുടെ ജീവന് ഭീഷണിയാണെന്ന് ആശങ്ക യുണ്ട്.
കുമ്പള സ്കൂളിലേക്ക് പോകുകയും, തിരിച്ചുവരികയും ചെയ്യാൻ വിദ്യാർത്ഥികൾ ആശ്രയിക്കുന്നത് ഈ ബസ്റ്റോപ്പിലെ ബസ്സുകളെയാണ്. ഇവിടെ സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നത് മൂലം റോഡ് മുറിച്ചു കടക്കാനും, ബസ്റ്റോപ്പിലെത്താനും വിദ്യാർത്ഥികൾക്ക് പ്രയാസമാകുന്നു.
പ്രശ്നത്തിൽ കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും,കുമ്പള പോലീസിന്റെയും ഇടപെടൽ ഉണ്ടാകണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു.







