കാഞ്ഞങ്ങാട്: ദേശീയ പാതാ നിർമ്മാണ കമ്പനി അധികൃതരുടെ നിലപാടുകളെത്തുടർന്നു കാഞ്ഞങ്ങാട് നഗരസഭയിലെ പതിനഞ്ചാം വാർഡ് കവ്വായി നിവാസികളുടെ യാത്രാദുരിതത്തിനു ഒ രു വർഷം തികയുന്നു. 2025 ജനുവരിയിലാണ് ബദൽ സംവിധാനമൊരുക്കാതെ ദേശീയപാതയിൽ നിന്നും കവ്വായിയിലേക്കു ള്ള റോഡ് അധികൃതർ അടച്ചത്. പകരം ജില്ലാ ആശുപത്രിക്ക് സമീപത്ത് നിന്നും അഹല്യ കണ്ണാശുപത്രിക്ക് മുൻപിൽ കൂടി പോകുന്ന ചെമ്മൺ റോഡ് ഉപയോഗിക്കാനായിരുന്നു ദേശീയ പാതാ നിർമ്മാണ കമ്പനി യുടെ നിർദ്ദേശം . ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാതെ പ്രസ്തുത റോഡ് ഉപയോഗിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അന്ന് തന്നെ നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. അതൊന്നും ചെവിക്കൊള്ളാൻ കമ്പനിതയ്യാറായില്ല. ഇത് മൂലം രോഗികളും സ്‌കൂൾ വിദ്യാർത്ഥികളും ഉൾപ്പെടെ നൂറ് കണക്കിന് ആളുകളാണ് ദുരിതം അനുഭവിക്കുന്നത്. തുടർന്ന് നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതി നൽകുകയും എത്രയും പെട്ടെന്ന് റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുമെന്നു കഴിഞ്ഞ വർഷം ഏപ്രിലി ൽ ജില്ലാ കളക്ടർ നിർമ്മാണ കമ്പനിയോട് രേഖാ മൂലം നിർദേശിക്കുകയും ചെയ്തിരുന്നു. നിർദ്ദേശം അതുപോലെ നിൽക്കുന്നു .റോഡ് പഴയനിലയിൽ തുടരുന്നു . റോഡ് ഗതാഗത യോഗ്യമല്ലാത്തത് കാരണം ഓട്ടോ റിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ കവ്വായിലേക്ക് ഓട്ടം പോകാൻ ൻ മടിക്കുന്നു. പൊടി ശല്യവും രൂക്ഷമാണ്. ഒരു വർഷമായി കവ്വായി പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിന് മുൻ നഗരസഭാ കൗൺസിലർ ഒഴികെയുള്ള ജന പ്രതിനിധികളാരും ഇടപെട്ടിട്ടില്ലെന്നു ജനങ്ങൾ ഓർക്കുന്നുണ്ട്.ഒരു പ്രദേശത്തെ ജനങ്ങളാകെ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരം കാണാൻ എം എൽ എ യും നഗരസഭാ ചെയർമാനും ഉൾപ്പെടെയുള്ളവർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.







