
കാഞ്ഞങ്ങാട് : ക്വാണ്ടം സയൻസ് എക്സിബിഷൻ മുറിയിൽ ആൽബർട്ട് ഐൻസ്റ്റീനും മാഡം ക്യൂറിയും ഗൗരവമേറിയ ചർച്ചയിലാണ്” ക്വാണ്ടം സയൻസിൽ നിർണായകമായ പഠനങ്ങൾ നടത്തിയവരാണ് രണ്ടു പേരും. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ലൂക്ക ഓൺ ലൈൻ പോർട്ടലും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയും നെഹ്റു കോളേജിൽ സംഘടിപ്പിച്ച ക്വാണ്ടം സെൻ്റിനറി സയൻസ് എക്സിബിഷനിലാണ് രണ്ടു ശാസ്ത്ര പ്രതിഭകൾ മുഖാമുഖം ഇരിക്കുന്ന കാഴ്ച കാണികളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. ആർടിസ്റ്റ് ജസ്റ്റിൻ ജോസഫാണ് ഇൻസ്റ്റാലിഷനിലൂടെ ഇവരുടെ ത്രിമാന രൂപം പ്രദർശനത്തിനു ഒരുക്കിയിരിക്കുന്നത്.ഫൈബറിൽ ആണ് നിർമ്മാണം.
ദ്രവ്യത്തിന്റെ ദ്വൈതസ്വഭാവത്തിന് സൈദ്ധാന്തിക വിശദീകരണം നൽകുന്ന ഭൗതിക ശാസ്ത്രശാഖയായ ക്വാണ്ടം ബലതന്ത്രത്തിൽ ഐൻസ്റ്റിൻ നൽകിയ സംഭാവനകൾ വളരെ വലുതാണ്.
ക്ലാസിക്കൽ ഫിസിക്‌സിനു വിശദീകരിക്കാൻ കഴിയാത്ത പരമാണു തലത്തിലെ പ്രവർത്തനങ്ങൾ വിശദീകരിക്കുവാൻ ഇന്നും ഗവേഷണ വിദ്യാർത്ഥികൾ ആശ്രയിക്കുന്നത് ഐൻസ്റ്റീൻ്റെ കണ്ടെത്തലുകളാണ്. ക്വാണ്ടം ഫിസിക്സുമായി ബന്ധപ്പെട്ട പ്രശസ്തമായ ഊർജ്ജ-ദ്രവ്യ സമവാക്യം രൂപപ്പെടുത്തിയതിലൂടെ ശ്രദ്ധേയനായ ഐൻസ്റ്റീനോടൊപ്പം
റേഡിയോ ആക്റ്റിവിറ്റി സംബന്ധിച്ച ഗവേഷണത്തിലൂടെ ക്വാണ്ടം ഫിസിക്സിൻ്റെ വളർച്ചയിൽ പ്രശസ്തയായ മേരി ക്യൂറിയും ഒന്നിച്ചിരിക്കുന്ന ശില്പം ജീവൻ തുടിക്കുന്നവയാണ്. ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും നോബൽ സമ്മാനം ലഭിച്ചിട്ടുള്ള ആദ്യ വനിത യാണ് മാഡം ക്യൂറി എന്ന മേരി ക്യൂറി . കോഴിക്കോട് പ്ലാനിറ്റോറിയത്തിൽ ജോലി ചെയ്യുന്ന ജസ്റ്റിൻ ജോസഫ് കണ്ണൂർ ഇരട്ടിക്കടുത്ത എടൂർ സ്വദേശിയാണ്.
കേരളത്തിലെ വിവിധ സയൻസ് സെൻ്ററുകളുടെ രൂപകൽപ്പനയിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ശാസ്ത്രവും കലയും സാങ്കേതികവിദ്യയും തോളോട് തോൾ ചേർന്ന് നിൽക്കുന്നതിലൂടെ ശില്പങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ ഏതൊരു സയൻസ് എക്സിബിഷനും ആളുകളിൽ പുതിയ ആശയങ്ങളോടും പഠന മേഖലകളോടുമുള്ള അഭിനിവേശമുണർത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു സയൻസ് എക്സിബിഷന് സമൂഹത്തിൽ നിറവേറ്റാനുള്ള ധർമമെന്താണോ അതാണ് ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഇതിനകം എക്സിബിഷൻ സന്ദർശിച്ച അയ്യായിരത്തിലധികം പേർ ഒറ്റ സ്വരത്തിൽ പറ ഞ്ഞു.
ഗവേഷണസ്ഥാപനങ്ങളിൽ നിന്നുള്ള അത്യാധുനിക അറിവുകൾ വിദ്യാർത്ഥികളും പൊതുജനങ്ങളുമടങ്ങുന്ന വിശാലമായ ഒരു വേദിയിൽ പങ്കുവെക്കുക എന്ന ലക്ഷ്യത്തിൽ ഇതിനകം തന്നെ എക്സിബിഷൻ വിജയംകൈവരിച്ചു.
ഓരോ പ്രദർശന സ്റ്റാളിലും ശാസ്ത്ര ഗവേഷണ ഫലങ്ങൾ ലളിതമായി പകർന്നുകൊടുക്കാൻ നെഹ്റു കോളേജിലെ നൂറോളം വരുന്ന ഊർജ്ജതന്ത്രം,രസതന്ത്രം യു ജി, പിജി വിദ്യാർത്ഥികൾ മത്സരിക്കുന്നു. പരമ്പരാഗത പാഠ്യപദ്ധതിയിൽ സാധ്യമല്ലാത്ത രീതികളിലൂടെ ഗവേഷണ കുതുകികളിൽ ശാസ്ത്രാന്വേഷണത്തിന്റെ വഴികൾ വെട്ടിത്തുറക്കുന്ന എക്സിബിഷനെ വിദ്യാർത്ഥികളും ഗവേഷകരും ഒരാഘോഷമായി കൊണ്ടാടുകയാണ്.







