ന്യൂഡല്‍ഹി: ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന വിഷാംശത്തിന്റെ സാന്നിധ്യം ഉണ്ടെന്നാരോപിച്ച് ബേബി ഫോര്‍മുല ഉല്‍പ്പന്നങ്ങള്‍ നെസ്‌ലെ തിരിച്ചുവിളിച്ചു . കമ്പനി പുറത്തിറക്കിയ എസ്.എം.എ ഇന്‍ഫന്റ് ഫോര്‍മുലയുടെയും ഫോളോ-ഓണ്‍ ഫോര്‍മുലയുടെയും പ്രത്യേക ബാച്ചുകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് സുരക്ഷിതമല്ലെന്ന കണ്ടെത്തലിന് പിന്നാലെയാണ് നെസ്‌ലെയുടെ നടപടി. ഉല്‍പന്നത്തിലടങ്ങിയ ഒരു അധിക ചേരുവയാണ് പ്രശ്നത്തിന് കാരണമെന്നും കമ്പനി പറഞ്ഞു.
ലോകമെമ്പാടും വിറ്റഴിക്കപ്പെട്ട ഈ ബാച്ചുകളില്‍ സെറ്യൂലൈഡ് എന്ന വിഷാംശം അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് കഴിക്കുമ്പോള്‍ ഓക്കാനം, ഛര്‍ദ്ദി എന്നിവ ഉണ്ടാകുമെന്നുമാണ് കമ്പനി അറിയിച്ചത്. ഇതുവരെ ഇത് കഴിച്ച് അസുഖങ്ങള്‍ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഉല്‍പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ഇതുമൂലം മാതാപിതാക്കള്‍ക്കും, ഉപഭോക്താക്കള്‍ക്കും ഉണ്ടായ ആശങ്കയ്ക്കും അസൗകര്യത്തിനും ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി പറഞ്ഞു. ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ഇറ്റലി, സ്വീഡന്‍ തുടങ്ങി നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചിരുന്നു. നിലവില്‍ ഇന്ത്യ പട്ടികയില്‍ ഇല്ല. നെസ്ലെയുടെ മറ്റ് ഉല്‍പ്പന്നങ്ങളെല്ലാം സുരക്ഷിതമാണെന്നും കമ്പനി അറിയിച്ചു. ഉല്‍പന്നങ്ങള്‍ വാങ്ങിയ എല്ലാം ഉപഭോക്താക്കള്‍ക്കും റീഫണ്ട് നല്‍കുമെന്നും നെസ്ലെ വാഗ്ദാനം ചെയ്തു.







