ന്യൂഡല്‍ഹി: ഷൂട്ടിങ് താരത്തെ പീഡിപ്പിച്ചെന്ന പരാതിയില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന പൊലീസ് കേസെടുത്തു. പതിനേഴുകാരിയായ ഷൂട്ടിങ് താരത്തെ ഫരീദാബാദിലെ ഒരു ഹോട്ടലില്‍ വച്ചു പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. താരത്തിന്റെ വീട്ടുകാരാണ് പരാതി നല്‍കിയത്. സംഭവം പുറംലോകമറിഞ്ഞാല്‍ അവളുടെ കരിയര്‍ നശിപ്പിക്കുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി വീട്ടുകാരുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതു ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നു പൊലീസ് വ്യക്തമാക്കി. പോക്‌സോ ഉള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍എഐ) നിയമിച്ച 13 ദേശീയ പിസ്റ്റള്‍ പരിശീലകരില്‍ ഒരാളാണ് അങ്കുഷ് ഭരദ്വാജ്. പൊലീസ് കേസെടുത്തതിനു പിന്നാലെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി എന്‍ആര്‍എഐ സെക്രട്ടറി ജനറല്‍ പവന്‍ കുമാര്‍ സിങ് പറഞ്ഞു.
ഇതേ പരിശീലകനില്‍ നിന്ന് മറ്റൊരു പെണ്‍കുട്ടിക്കും ദുരനുഭവം നേരിടേണ്ടി വന്നുവെന്ന വിവരം ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.







