തിരുവനന്തപുരം: വിതുരയിൽ ഒരു ലോഡ്ജ് മുറിയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാരായമുട്ടം സ്വദേശിയായ സുബിൻ (28), ആര്യൻകോട് സ്വദേശിനിയായ മഞ്ജു (31) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് ഇരുവരെയും ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ലോഡ്ജ് ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് വിതുര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിൽ ഇരുവരും വിവാഹിതരാണെന്നും, തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഈ ബന്ധം ഇരുവരുടെയും കുടുംബങ്ങളിൽ അറിഞ്ഞതിനെ തുടർന്ന് പ്രശ്നങ്ങളും മാനസിക സമ്മർദ്ദങ്ങളും ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇവരെ കാണാനില്ലെന്നുകാണിച്ച് ബന്ധുക്കൾ കഴിഞ്ഞ ദിവസം മാരായമുട്ടം,ആര്യങ്കോട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു.മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പുകളോ മറ്റ് നിർണായക രേഖകളോ കണ്ടെത്തിയിട്ടില്ല. മുറിയിൽ നിന്ന് വിഷക്കുപ്പിയും മദ്യക്കുപ്പിയും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ അസ്വാഭാവികതയുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും.







