കാസര്‍കോട്: പീഡിതര്‍ക്കൊപ്പം സര്‍ക്കാരും സഖാക്കളുമുണ്ടെന്നു അടിക്കടി ഓര്‍മ്മപ്പെടുത്തുമ്പോള്‍ വിവാഹിതയും മുതിര്‍ന്ന മക്കളുമുള്ള 50 കാരിയെ ഒരു സഖാവ് 30 വര്‍ഷമായി പിന്തുടര്‍ന്നു ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുന്നുവെന്നു കാസര്‍കോട്ടെ ഒരു കുടുംബിനി സംസ്ഥാന പൊലീസ് ഡയറക്ടര്‍ ജനറലിനോടു പരാതിപ്പെട്ടു.
പരാതിക്കൊപ്പം എതിര്‍കക്ഷിയുടെ ലൈംഗിക വൈകൃതങ്ങളടങ്ങിയ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളുമടങ്ങിയ പെന്‍ഡ്രൈവും നല്‍കിയിട്ടുണ്ടെന്നു പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2025 ഡിസംബര്‍ 31നു തിരുവനന്തപുരം പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അധികൃതര്‍ പരാതി കൈപ്പറ്റിയിട്ടുണ്ട്. പരാതിയുടെ പകര്‍പ്പ് ജില്ലാ പൊലീസ് അധികൃതര്‍ക്കും അയച്ചിട്ടുണ്ട്. കുമ്പള പൊലീസിനു നേരത്തെ ഇതു സംബന്ധിച്ചു പരാതി നല്‍കിയിരുന്നുവെന്നു ഡി ജി പിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. അവരതില്‍ ഇപ്പോഴും അടയിരിക്കുകയാണെന്നു കൂട്ടിച്ചേര്‍ത്തു.
അതേസമയം പഞ്ചായത്തു തിരഞ്ഞെടുപ്പിനു മുമ്പു സ്ഥാനാര്‍ത്ഥിയായ എതിര്‍കക്ഷി പരാതിക്കാരി തന്നെ ഭീഷണിക്കത്തയച്ചു ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്നു പൊലീസിലെ മറ്റൊരു വിഭാഗത്തിനു പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആ വിഭാഗം ഇവരെ വിളിപ്പിച്ചു ബ്ലാക്ക്‌മെയില്‍ കത്തയച്ചതു താനാണെന്നു സമ്മതിക്കണമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറയുന്നു. പരാതി പൊലീസുകാര്‍ വായിച്ചു കേള്‍പ്പിച്ചു. അതില്‍ പല സത്യവുമുണ്ട്. എന്നാല്‍ ആ പരാതി താന്‍ എഴുതിയതല്ലെന്ന് ആവര്‍ത്തിച്ചപ്പോള്‍ എങ്കില്‍ അനുഭവിച്ചോളാനായിരുന്നു മറുപടിയെന്നു പറയുന്നു. എതിര്‍കക്ഷി കൊലപാതകക്കേസില്‍ ശിക്ഷ അനുഭവിച്ചയാളാണെന്നും അയാള്‍ക്ക് എന്തിനും പോന്ന അധോലോക സംഘം ഇപ്പോഴുമുണ്ടെന്നു അവര്‍ എന്തിനും മടിക്കുന്നവരല്ലെന്നും പൊലീസ് താക്കീതു ചെയ്തുവെന്നും പരാതിക്കാരി പറയുന്നു.

സി പി എമ്മിന്റെ പ്രമുഖനേതാവും പഞ്ചായത്തു മെമ്പറും ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകനുമായ പ്രതി സ്‌കൂളിനടുത്തുള്ള തന്റെ മാതാവിന്റെ കടക്കടത്തുള്ള ബസ്‌സ്റ്റോപ്പില്‍ പതിവായി എത്തുമായിരുന്നെന്നും അന്നു മാതാവിന്റെ സഹായിയായി കടയില്‍ നില്‍ക്കാറുണ്ടായിരുന്ന താനുമായി അടുപ്പമാവുകയായിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചു. ഇതറിഞ്ഞ വീട്ടുകാര്‍ മറ്റൊരാളുമായി തന്നെ വിവാഹം കഴിപ്പിച്ചു. അതിനുശേഷം ഭര്‍ത്താവിനെ ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ അയാളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയത്രെ. ഭീഷണിയും ശല്യവും അസഹനീയമായപ്പോള്‍ സംസ്ഥാനം വിട്ടു കര്‍ണ്ണാടകയില്‍ താമസമാക്കുകയായിരുന്നു. എതിര്‍കക്ഷി അവിടെയും എത്തി നിന്നെ എനിക്കുവേണമെന്നു പറഞ്ഞു പരിഭ്രമിപ്പിച്ചു. പലതവണ ഇതാവര്‍ത്തിച്ചു. അതിനിടയില്‍ മാതാവിന് അസുഖം ബാധിച്ചപ്പോള്‍ വീണ്ടും വീട്ടിലെത്തി. അപ്പോള്‍ നേരിട്ടും ഫോണിലും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.
ശാരീരിക ബന്ധത്തിനു വഴങ്ങണമെന്നായിരുന്നു ആവശ്യം. അയാളുടെ രതിവൈകൃതങ്ങള്‍ വാട്‌സാപ്പില്‍ അയച്ചുകൊണ്ടിരുന്നു. മറ്റു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. അയാളുടെ സ്വയം വൈകൃതങ്ങളും നിരന്തരം ലൈവ് വിഡീയോകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരുന്നുവത്രെ. ഒരിക്കല്‍ വീട്ടിനടുത്തെ ബാങ്കില്‍ പോയപ്പോള്‍ പ്രതി കാര്‍ അടുത്തുകൊണ്ടുവന്നു നിറുത്തി കയറാന്‍ നിര്‍ബന്ധിച്ചു. ചുറ്റും ആളുകള്‍ ശ്രദ്ധിക്കുന്നതു കണ്ടപ്പോള്‍ കാറില്‍ കയറേണ്ടിവന്നു. കാര്‍ ടൗണിനടുത്തെ ഒരു വിജന സ്ഥലത്തു നിറുത്തി തന്റെ സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുകയും തടവുകയും ചെയ്തു. പീഡിപ്പിക്കുമെന്ന ഘട്ടം വന്നപ്പോള്‍ താന്‍ വിളിച്ചുകൂവുമെന്നും ബഹളം വയ്ക്കുമെന്നും താക്കീതു ചെയ്തു. ഉടന്‍ പിടിവിട്ടു കാറില്‍ത്തന്നെ ബാങ്കിനടുത്തു കൊണ്ടുവന്നു തന്നെ ഇറക്കിവിട്ടു. അതിനു ശേഷം മറ്റൊരു ദിവസം ടൗണിലേക്കു തന്റെ സ്‌കൂട്ടറില്‍ യാത്ര ചെയ്തു കൊണ്ടിരിക്കേ മുഖംമൂടി ധരിച്ച രണ്ടുപേര്‍ സ്‌കൂട്ടര്‍ തടഞ്ഞു. അതിലൊരാള്‍ മാഷാരാണെന്നറിയില്ലെങ്കില്‍ നിന്നെ അതറിയിക്കുമെന്നും തന്നെയും ഭര്‍ത്താവിനെയും കുടുംബത്തെയും കൊല്ലുമെന്നും തങ്ങള്‍ക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നും സംരക്ഷിക്കാന്‍ എല്ലായിടത്തും ആളുണ്ടെന്നും താക്കീതു ചെയ്തുവത്രെ.
പിന്നീട് അവിടെ നിറുത്തിയിരുന്ന കറുത്ത ബൈക്കില്‍ക്കയറി സ്ഥലം വിട്ടു. കൊലക്കേസില്‍ പ്രതിയായി ജയില്‍വാസമനുഭവിച്ച എതിര്‍കക്ഷി പുറത്തിറങ്ങുന്നതിനു തൊട്ടുമുമ്പുവരെ പ്രശ്‌നമില്ലായിരുന്നു. പുറത്തിറങ്ങുന്നതിനു ദിവസങ്ങള്‍ക്കു മുമ്പു തനിക്കു ഫോണ്‍ ചെയ്തു. തന്റെ ശബ്ദം മനസ്സിലായോ എന്നായിരുന്നു ആദ്യചോദ്യമത്രെ.
ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ ജയില്‍ മോചിതനാവുമെന്നും ജയിലില്‍ നിന്നിറങ്ങിയാല്‍ നേരെ തന്റെ അടുത്തേക്കാണു വരുന്നതെന്നും തനിക്കു വിധേയയാവാന്‍ ഒരുങ്ങിയിരുന്നോ എന്നും മുന്നറിയിക്കുകയായിരുന്നുവത്രെ. നാട്ടിലിറങ്ങിയ ശേഷം അയാളുടെ ഫോണില്‍ അയാളുടെ ഭാര്യയുടേതാണെന്നു പറഞ്ഞു അവരുടെ നഗ്ന വീഡിയോ കാണിച്ചു. പിന്നീട് പെണ്‍കുട്ടിയുമായുള്ള രതിവൈകൃത വീഡിയോകള്‍ കാണിച്ചു. അതോടൊപ്പം അയാളുടെ സ്വയംഭോഗ വീഡിയോകളും അയച്ചു തന്നെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നെന്നു പരാതിയില്‍ പറഞ്ഞു. മാത്രമല്ല, ഇതുപോലെ തന്റെ നഗ്നവീഡിയോ തിരിച്ചയച്ചുകൊടുക്കാനും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പിന്നീട് അയാളുടെ ഫോണുകള്‍ എടുക്കാതെവന്നപ്പോള്‍ തന്റെ നഗ്നവീഡിയോ വാട്‌സാപ്പുകളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിമുഴക്കി. പാര്‍ട്ടിയില്‍ വന്‍സ്വാധീനമുള്ള സഖാവിന്റെ ലീലാവിലാസങ്ങളില്‍ ഭയചകിതയായ പരാതിക്കാരി ആദ്യഘട്ടത്തില്‍ പാര്‍ട്ടിയുടെ ഒരു പ്രമുഖ നേതാവിനോട് വെളിപ്പെടുത്തിയിരുന്നു. തന്നെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥനയ്ക്ക് പാര്‍ട്ടി നിങ്ങളെ പിന്തുണയ്ക്കാമെന്നും പൊലീസില്‍ പരാതിപ്പെടാനുമായിരുന്നു മറുപടി. ഭര്‍ത്താവിനെയും മക്കളെയുമോര്‍ത്ത് അപ്പോള്‍ അതില്‍ നിന്നു പിന്തിരിഞ്ഞു. പിന്നീട് ഒരു മുത്തപ്പന്‍ ഉത്സവത്തില്‍ ദൈവത്തോട് കരഞ്ഞ്‌കൊണ്ട് പ്രാര്‍ത്ഥിച്ചു. ഇതു കണ്ട സഖാക്കള്‍ അപ്പോഴും കേസ് കൊടുക്കാന്‍ ഉപദേശിച്ചെങ്കിലും മുത്തപ്പന്റെ സഹായം തേടി അപ്പോഴും പിന്തിരിയുകയായിരുന്നു.

പിന്നീട് പീഡനങ്ങള്‍ പലതരത്തില്‍ തുടര്‍ന്നതിനെ തുടര്‍ന്നാണ് പൊലീസിന് ആദ്യം പരാതിക്കൊടുക്കേണ്ടിവന്നത്.
ഭര്‍ത്താവും 30 വയസിനടുത്തു പ്രായമുള്ള മക്കളും ഉള്ള അമ്പതിനടുത്തു പ്രായമുള്ള തന്നെക്കുറിച്ചു മോശം പ്രചരണമുണ്ടായേക്കുമെന്ന അപമാനഭയം കൊണ്ടും എല്ലാ വിവരവും ആ പരാതിയില്‍ വെളുപ്പെടുത്തിയില്ല. അതിനുശേഷം പരാതി പിന്‍വലിക്കാന്‍ ഭീഷണിയുണ്ടായി. ഇനി തങ്ങളെന്തുചെയ്യണമെന്നും തങ്ങളുടെ ജീവനു ആര് സുരക്ഷ നല്‍കുമെന്നുമുള്ള വലിയ പേടിയിലാണ് പരാതിക്കാരി. പീഡിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പം സര്‍ക്കാരും സഖാക്കളും ഉണ്ടെന്ന സാന്ത്വനപ്പെടുത്തല്‍ ഇപ്പോള്‍ എതിര്‍കക്ഷി ഉണ്ടാക്കുന്നതിനേക്കാളും ഭീതിയായി അനുഭവപ്പെടുകയാണെന്ന് അവര്‍ പേടിക്കുന്നു. സ്വഭാവിക നീതിയെങ്കിലും തനിക്കും കുടുംബത്തിനും ഉറപ്പാക്കണമെന്ന് ഡി ജി പി ക്ക് നല്‍കിയ പരാതിയില്‍ അപേക്ഷിച്ചു. സ്ത്രീകളുടെ സുരക്ഷയ്ക്കായി കരുതലും കാവലുമായി സര്‍ക്കാരും സഖാക്കളും നില്‍ക്കുന്നത് കൊണ്ട് ഇപ്പോള്‍ മറ്റുള്ളവരോട് സംസാരിക്കാന്‍ പോലും ഭയമായിരിക്കുന്നു. നിസഹായതയും നിരാശയും പ്രകടിപ്പിച്ചുകൊണ്ട് അവര്‍ നെടുവീര്‍പ്പിടുന്നു.







