കാസര്‍കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പുലി ഭീഷണി തുടരുന്നതിനിടയില്‍ പുലിയെന്നു തോന്നിപ്പിക്കുന്ന ജീവി റോഡില്‍ വാഹനം ഇടിച്ചു ചത്ത നിലയില്‍ കാണപ്പെട്ട സംഭവം ആശങ്ക ഉയര്‍ത്തി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മുള്ളേരിയ-ആദൂര്‍ റോഡിലാണ് അജ്ഞാത ജീവിയെ ചത്ത നിലയില്‍ കാണപ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ടവര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതിനിടയില്‍ ‘പുലി’ റോഡില്‍ ചത്തു കിടക്കുന്നുവെന്ന വിവരം കാട്ടുതീ പോലെ പടര്‍ന്നു. അമ്മപ്പുലിയോടൊപ്പം റോഡ് മുറിച്ചു കടക്കുകയായിരുന്ന പുലിക്കുട്ടിയാണ് ചത്തതെന്നു വരെ പ്രചാരണം ഉണ്ടായി. അമ്മപ്പുലി എത്താന്‍ സാധ്യതയുണ്ടെന്ന പ്രചാരണവും ഉണ്ടായി.
ഇതിനിടയില്‍ ആര്‍ആര്‍ടി ടീം തലവനും അസി. ഫോറസ്റ്റ് ഓഫീസറുമായ എന്‍വി സത്യന്റെ നേതൃത്വത്തില്‍ വനപാലകരെത്തി പ്രാഥമിക പരിശോധനയില്‍ തന്നെ ചത്തത് പുലിക്കുട്ടിയല്ലെന്നും പുലിയോട് സാദൃശ്യമുള്ള പുലി പൂച്ച (ലെപ്പോഡ് ക്യാറ്റ്) ആണെന്നു സ്ഥിരീകരിച്ചു. അമ്മയോടൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വാഹനമിടിച്ചതാകാമെന്നും വിലയിരുത്തി.
തുടര്‍ന്ന് പുലി പൂച്ചയുടെ മൃതദേഹം വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. വ്യാഴാഴ്ച മൃഗാശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം വനത്തിനകത്ത് സംസ്‌കരിച്ചു.







