ന്യൂഡൽഹി: വിവാഹത്തിന് മുൻപ് വിഗ്ഗ് ധരിച്ച് കഷണ്ടി മറച്ചുവെച്ച് വഞ്ചിച്ചതായും, പിന്നീട് പീഡനത്തിനും ബ്ലാക്ക്‌മെയിലിംഗിനും ഇരയാക്കിയതായും ആരോപിച്ച് ഗ്രേറ്റർ നോയിഡയിൽ യുവാവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു. ഗൗർ സിറ്റി അവന്യൂ-1 ൽ നിന്നുള്ള ലവിക ഗുപ്ത എന്ന യുവതിയാണ് പൊലീസിൽ ഭർത്താവിനും വീട്ടുകാർക്കും എതിരെ പരാതി നൽകിയത്. സ്ത്രീധന പീഡനം, വഞ്ചന, മർദനം, ഭീഷണിപ്പെടുത്തൽ, പണം തട്ടിയെടുക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഭർത്താവിനും കുടുംബത്തിലെ നാല് പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. നല്ല കട്ടിയുള്ള മുടിയുള്ള ഭർത്താവിനെ വേണമെന്നായിരുന്നു തന്റെ ആഗ്രഹം, അങ്ങനെയുള്ള ആളാണ് എന്ന് കണ്ടായിരുന്നു വിവാഹവും. എന്നാൽ, വിവാഹത്തിന് ശേഷമാണ് ഭർത്താവായ സന്യാം ജെയിൻ പൂർണ്ണമായും കഷണ്ടിയുള്ളയാളാണെന്നും ഒരു ഹെയർപാച്ചാണ് മുടിയുള്ളതായി തോന്നിക്കാൻ അയാൾ ആശ്രയിക്കുന്നതെന്നും താൻ അറിഞ്ഞത് എന്നും യുവതി പറയുന്നു. വിവാഹത്തിനു മുൻപ് ഇയാൾ വിഗ്ഗ് ധരിച്ചാണ് എത്തിയത്. ചെറിയരീതിയിലുള്ള മുടികൊഴിച്ചിൽ മാത്രമാണ് ഉള്ളതെന്നാണ് യുവതിയോട് പറഞ്ഞിരുന്നത്. എന്നാൽ വിവാഹ ശേഷം ഭർതൃവീട്ടിൽ എത്തിയപ്പോഴാണ് ഭർത്താവിന് കഷണ്ടിയുള്ളതായി യുവതി കണ്ടെത്തിയത്. തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് യുവതി ഭർത്താവിനെ ചോദ്യം ചെയ്തു. തുടർന്ന് ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും സ്വഭാവം മാറിയതായും യുവതി പറയുന്നു. പിന്നീട് തന്റെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും, പണം നല്‍കിയില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഭർതൃമാതാപിതാക്കളും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. 15 ലക്ഷം വില വരുന്ന സ്വർണ്ണാഭരണങ്ങൾ അവർ കൈക്കലാക്കിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.







