തിരുവനന്തപുരം: ഏറെനാളത്തെ തര്‍ക്കത്തിനും വിവാദത്തിനും പിന്നാലെ ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് ഒഴിയാന്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്ത് തീരുമാനിച്ചതായി അറിയുന്നു. ഓഫീസ് മരുതംകുഴിയിലേക്ക് മാറ്റാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍ ആര്‍.ശ്രീലേഖയുമായി തര്‍ക്കം ഉണ്ടായത്.
ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് ചുമതലയേറ്റടെുത്തശേഷം ആര്‍.ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പ്രശാന്ത് നിരസിച്ചതോടെയാണ് വലിയ രാഷ്ട്രീയ വിവാദം ഉടലെടുത്തത്.
കൗണ്‍സിലറുടെ തിട്ടൂരം അനുസരിക്കാന്‍ ഉദ്ദേശമില്ലെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. കോര്‍പ്പറേഷന്‍ ആണ് കരാറിന്റെ അടിസ്ഥാനത്തില്‍ കെട്ടിടം തനിക്ക് വാടകക്ക് തന്നതെന്നും മാര്‍ച്ച് വരെ കാലാവധിയുണ്ടെന്നും ഒഴിയില്ലെന്നുമുള്ള ഉറച്ച നിലപാടാണ് പ്രശാന്ത് സ്വീകരിച്ചത്.
ഇനി തര്‍ക്കത്തിനും ചര്‍ച്ചയ്ക്കും ഇല്ലെന്നും ഓഫീസ് മാറാന്‍ തീരുമാനിച്ചെന്നും പ്രശാന്ത് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞു. വിവാദങ്ങള്‍ക്ക് ഇനി സ്ഥാനമില്ലെന്നും വികസനത്തിനു വേണ്ടിയാണ് ജനം തങ്ങളെ തെരഞ്ഞെടുത്തതെന്നും പ്രശാന്ത് പറഞ്ഞു.







