ന്യൂഡല്‍ഹി: തെരുവുനായ വിഷയത്തില്‍ മൃഗസ്‌നേഹികളെ പരിഹസിച്ച് സുപ്രീം കോടതി. കടിക്കാതിരിക്കാന്‍ നായകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാമെന്നും അതുമാത്രമാണ് ഇനി ബാക്കിയെന്നുമാണ് സുപ്രീം കോടതിയുടെ പരിഹാസം. ഒരു തെരുവ് നായക്ക് അത് കടിക്കണമെന്ന് തോന്നുമ്പോള്‍ പുറത്തുള്ളവര്‍ക്ക് അതിന്റെ മനസ്സറിയാന്‍ കഴിയില്ലല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. ‘രോഗശമനത്തേക്കാള്‍ പ്രതിരോധമാണ് നല്ലത്’ എന്നും കോടതി പറഞ്ഞു.
നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കണമെന്ന് താല്പര്യമുള്ളവര്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളില്‍ അതിനുള്ള സൗകര്യമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ഹര്‍ജികളില്‍ നാളെയും വാദം തുടരും.
എബിസി നിയമങ്ങള്‍ നടപ്പിലാക്കാന്‍ 2018 ല്‍ സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും ഇതുവരെ നടപ്പാക്കിയോ എന്ന് കോടതി ചോദിച്ചു. നിയമങ്ങള്‍ക്ക് പിന്നിലെ ശാസ്ത്രീയ കാരണങ്ങള്‍ പരാമര്‍ശിച്ച ഒരു അഭിഭാഷകനോട് ‘എബിസി നിയമങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍, സാധാരണക്കാരെ കഷ്ടപ്പെടാന്‍ വിടണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. നായ കടിക്കുകയോ കടിക്കാതിരിക്കുകയോ ചെയ്യട്ടെ റോഡുകളില്‍ നിന്നും പൊതുനിരത്തുനിന്നും നായകളെ പൂര്‍ണമായും ഒഴിവാക്കമെന്നും കോടതി പറഞ്ഞു.







