കാസര്‍കോട്: സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ വീണ വിദ്യാര്‍ഥിയുടെ കൈപ്പത്തിയില്‍ പലകയില്‍ തറച്ച ആണി തുളച്ചുകയറി. കാഞ്ഞങ്ങാട് ബല്ല ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി വിഘ്‌നേഷ്(11)ന്റെ കൈപ്പത്തിയിലാണ് ആണി തറച്ചത്. തുടര്‍ന്ന് അധ്യാപകരും മറ്റും ആണി നീക്കം ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അവിടെയുള്ള ഡോക്ടര്‍മാര്‍ക്കും കുട്ടിയുടെ കൈയില്‍ നിന്ന് ആണിയും പലകയും വേര്‍പെടുത്താന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് കാഞ്ഞങ്ങാട് അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു. കട്ടറും പ്ലയറും ഉപയോഗിച്ച് സൂക്ഷ്മതയോടെ കുട്ടിയുടെ കൈപ്പത്തിയില്‍ നിന്ന് ആണിയും പലകയും നീക്കം ചെയ്തു. പിന്നീട് ഡോക്ടര്‍മാര്‍ തുടര്‍ ചികില്‍സ ആരംഭിച്ചു. സീനിയര്‍ റസ്‌ക്യൂ ഓഫീസര്‍ കെവി പ്രകാശന്റെ നേതൃത്വത്തില്‍ റസ്‌ക്യൂ ഓഫീസര്‍ ലിനേഷ്, ഉദ്യോഗസ്ഥരായ അജിത്ത്, മിഥുന്‍, രാമചന്ദ്രന്‍, മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.







