ബെംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ ബിജെപി പ്രവര്‍ത്തകയെ ആക്രമിച്ചതായും വസ്ത്രങ്ങള്‍ വലിച്ചുകീറിയതായും ആരോപണം. പൊലീസ് കസ്റ്റഡിയിലെടുത്ത് ബസില്‍ കയറ്റുന്നതിനിടെയാണ് സംഭവമെന്നും അറസ്റ്റിനെ എതിര്‍ത്തപ്പോള്‍ ഉദ്യോഗസ്ഥര്‍ തന്നെ ആക്രമിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയുമായിരുന്നുവെന്നും പ്രവര്‍ത്തക പറയുന്നു.
പുരുഷ – വനിത പൊലീസുകാര്‍ സ്ത്രീക്ക് ചുറ്റും കൂടിനില്‍ക്കുന്നതിന്റെയും പിടിവലി നടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഉപദ്രവിച്ചിട്ടില്ലെന്നും അറസ്റ്റുചെയ്ത് വാഹനത്തില്‍ കയറ്റുമ്പോള്‍ യുവതി സ്വയം വസ്ത്രങ്ങള്‍ വലിച്ചുകീറുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൃത്യനിര്‍വഹണത്തിനെത്തിയ ഉദ്യോഗസ്ഥരെ യുവതി ആക്രമിച്ചെന്നും പൊലീസ് പറയുന്നു.
കര്‍ണാടകയിലെ കേശവ്പുര്‍ റാണ പ്രദേശത്ത് എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. കോണ്‍ഗ്രസിന്റെ കോര്‍പറേഷന്‍ അംഗം സുവര്‍ണ കല്ലകുണ്ട്‌ല നല്‍കിയ പരാതിയിലാണ് ബിജെപി പ്രവര്‍ത്തക വിജയലക്ഷ്മി ഹണ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബി.എല്‍.ഒമാരെ സ്വാധീനിച്ച് വോട്ടര്‍ പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്‌തെന്നാണ് വിജയലക്ഷ്മിക്കെതിരെ നല്‍കിയ പരാതി. നേരത്തെ കൊണ്‍ഗ്രസ് പ്രവര്‍ത്തകയായ വിജയലക്ഷ്മി അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.







