കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എമ്മില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമായി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും സിറ്റിംഗ് സീറ്റായ കൊല്ലത്ത് താര പരിവേഷത്തോടെ മത്സരിച്ച് വിജയിച്ച എം മുകേഷിനെ ഇത്തവണ മുന്നണി ഒഴിവാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. പകരം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിനേയോ സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ് ജയമോഹനനെയോ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനെയോ പരിഗണിക്കാനാണ് സാധ്യത. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി മറികടക്കണമെങ്കില്‍ പൊതു സ്വീകാര്യതയുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്നാണ് മുന്നണിയുടെ നിലപാട്.
2016 ല്‍ തന്റെ കന്നി തെരഞ്ഞെടുപ്പില്‍ 17611 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുകേഷ് വിജയിച്ചത്. വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ 2021ല്‍ വീണ്ടും മുകേഷിനെ സിപിഎം രംഗത്തിറക്കി. അന്നും വിജയം സിപിഎമ്മിന് അനുകൂലമായെങ്കിലും ഭൂരിപക്ഷം 2072 ആയി കുറഞ്ഞു. വിജയ പ്രതീക്ഷ മുന്‍നിര്‍ത്തി 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലും കൊല്ലം പിടിക്കാന്‍ മുകേഷിനെ മത്സരിപ്പിച്ചെങ്കിലും ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ചു. വീണ്ടും ഒരു പരീക്ഷണത്തിന് തയാറല്ലെന്നാണ് മുന്നണി പറയുന്നത്.
മുകേഷിനെതിരായ ലൈംഗികാതിക്രമ കേസും അറസ്റ്റും ആണ് സിപിഎമ്മിന്റെ പ്രധാന വെല്ലുവിളി. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നഷ്ടമായെങ്കിലും മണ്ഡലത്തിലെ ആകെ വോട്ട് നില അനുകൂലമെന്നാണ് സിപിഎമ്മിന്റെ ആത്മവിശ്വാസം.







