ആലപ്പുഴ: സ്‌കൂട്ടറിടിച്ച് മരിച്ച യാചകന്റെ സഞ്ചിയില്‍ നാലരലക്ഷം രൂപയും സൗദി റിയാലും! ചാരുംമുട്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ച അനില്‍ കിഷോര്‍ എന്നയാളുടെ സഞ്ചി തുറന്നപ്പോഴാണ് പണം കണ്ടെത്തിയത്. കാലങ്ങളായി ചാരുംമൂട്ടിലും പരിസരങ്ങളിലും ഭിക്ഷാടനം നടത്തി വരികയായിരുന്നു ഇയാള്‍. ഭിക്ഷാടനത്തിനിടയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാളെ സ്‌കൂട്ടര്‍ ഇടിച്ചത്. പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തലയ്ക്ക് സാരമായ പരിക്കുള്ളതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അന്നു രാത്രി തന്നെ അനില്‍ കിഷോര്‍ ആരോടും ചോദിക്കാതെ ആശുപത്രിയില്‍ നിന്നു ഇറങ്ങിപ്പോയി.
പിന്നീട് നാട്ടുകാര്‍ കാണുന്നത് കടത്തിണ്ണയില്‍ മരിച്ചു കിടക്കുന്ന നിലയിലാണ്. വിവരമറിഞ്ഞ് നൂറനാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇയാളുടെ സഞ്ചികള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. സഞ്ചികള്‍ പരിശോധിച്ചപ്പോഴാണ് നോട്ടുകള്‍ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകളും പഴ്‌സുകളും ലഭിച്ചത്. തുടര്‍ന്ന് പഞ്ചായത്തംഗമായ ഫിലിപ് ഉമ്മനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു. അഞ്ചു പ്ലാസ്റ്റിക് ടിന്നുകളിലായി അടുക്കി പ്ലാസ്റ്റിക് ടേപ്പ് ഒട്ടിച്ച് ഭദ്രമാക്കിയ നിലയില്‍ 4,52,207 രൂപയാണ് കണ്ടെത്തിയത്. കെട്ടില്‍ രണ്ടായിരം രൂപയുടെ 12 നിരോധിത നോട്ടുകളും സൗദി റിയാലും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബന്ധുക്കള്‍ ആരും എത്താത്തതിനാല്‍ പണം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.







