മുംബൈ: സ്വന്തമായി ഒരു വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ആ സ്വപ്‌നം അപ്രതീക്ഷിതമായി നിറവേറ്റപ്പെട്ടാല്‍ അമ്പരപ്പുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത്തരമൊരു സംഭവമാണ് മുംബൈയില്‍ നിന്നും പുറത്തുവരുന്നത്. മുംബൈ സ്വദേശിയായ കൊറിയോഗ്രാഫറും കണ്ടന്റ് ക്രിയേറ്ററുമായ ഇഷിക സിംഗ് രാജ്പുത് ആണ് തന്റെ ജന്മദിനത്തില്‍ അമ്മയ്ക്കായി ഒരു വീട് വാങ്ങി അമ്പരപ്പിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വാടകയ്ക്ക് ഒരു വീട് നോക്കാന്‍ പോകാം എന്ന് പറഞ്ഞാണ് ഇഷിക അമ്മയുമായി പുതിയ ഫ്‌ളാറ്റിലെത്തുന്നത്. വീടുനോക്കിക്കൊണ്ടിരിക്കെ പെട്ടെന്നാണ് ഇഷിക താക്കോലെടുത്ത് അമ്മയുടെ കയ്യില്‍ നല്‍കി ഇത് നമ്മുടെ സ്വന്തം വീടാണെന്ന് പറയുന്നത്. അപ്രതീക്ഷിതമായി ഇക്കാര്യം മകള്‍ പറഞ്ഞപ്പോള്‍ അമ്പരപ്പും സന്തോഷവുമെല്ലാം ആ അമ്മയുടെ കണ്ണുകളിലും മുഖത്തും പ്രകടമായി.
അവര്‍ ഇത്രയും വലിയൊരു സമ്മാനം നല്‍കിയതിന് മകളെ കെട്ടിപ്പിടിച്ച് വികാരാധീനയാവുകയും ചെയ്തു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ 1.2 കോടിയിലധികം കാഴ്ചക്കാര്‍ കണ്ടുകഴിഞ്ഞു. ഒരു വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നത് അത്ര എളുപ്പമല്ലെന്ന് ഇഷിക വീഡിയോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ പറയുന്നുണ്ട്. ‘വളരെ പ്രയാസകരമായ ഒരു യാത്രയായിരുന്നു അതെന്നും പല രാത്രികളിലും ഉറക്കമില്ലാതെ സ്വന്തമായൊരു വീട് എന്ന സ്വപ്നം മാത്രം കണ്ട് താന്‍ ഇരുന്നിട്ടുണ്ടെന്നും ഇപ്പോള്‍ വീട് വാങ്ങിയപ്പോള്‍ എനിക്കുതന്നെ ഒരു ട്രോഫി നല്‍കാന്‍ തോന്നുന്നു’ എന്നുമാണ് ഇഷിക കുറിച്ചത്.
ഗായിക നേഹ കക്കര്‍, നടന്‍ അപര്‍ശക്തി ഖുറാന എന്നിവരടക്കം പല പ്രമുഖരും വീഡിയോയ്ക്ക് താഴെ ഇഷികയെയും അമ്മയെയും അഭിനന്ദിച്ചുകൊണ്ട് കമന്റുകള്‍ നല്‍കിയിട്ടുണ്ട്.







