പാറ്റ്‌ന: സെന്‍സസും പോള്‍ ഡ്യൂട്ടിക്കും പിന്നാലെ ബിഹാറിലെ അധ്യാപകര്‍ക്ക് ഇരുട്ടടിയായി പുതിയ ഉത്തരവ്. സ്‌കൂള്‍ പരിസരത്തെ തെരുവുനായ്ക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രോഹ്താസ് ജില്ലയിലെ സസാരം മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഈ വിചിത്ര ഉത്തരവിട്ടത്. അധ്യാപകര്‍ക്ക് ഇത്തരം ജോലികള്‍ നല്‍കിയത് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയരുക്കി. മുന്‍സിപ്പല്‍ പരിധിയിലുള്ള എല്ലാ സ്‌കൂളുകളും തെരുവുനായ്ക്കളുടെ വിവരങ്ങള്‍ കൈമാറാന്‍ ഒരു അധ്യാപകനെ ‘നോഡല്‍ ഓഫീസറായി’ നിയമിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സ്‌കൂളിനുള്ളിലും പരിസരത്തുമുള്ള തെരുവുനായ്ക്കളുടെ എണ്ണം, അവയുടെ ആരോഗ്യാവസ്ഥ, അവയെ നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ അധ്യാപകന്‍ ശേഖരിച്ച് നല്‍കണം. നഗരത്തില്‍ തെരുവുനായ്ക്കള്‍ക്കായി ഒരു സംരക്ഷണ കേന്ദ്രം തുടങ്ങാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ വിവരശേഖരണം. സെന്‍സസ് ജോലികള്‍, വോട്ടര്‍ പട്ടിക പുതുക്കല്‍, ജാതി സര്‍വ്വേ തുടങ്ങിയ ഒട്ടനവധി അനധ്യാപക ജോലികള്‍ക്കിടയില്‍ കഷ്ടപ്പെടുന്ന അധ്യാപകര്‍ക്കാണ് ഇരുട്ടടിയായി പുതിയ ഉത്തരവെത്തിയത്.
അതേസമയം സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സാസാരം മുന്‍സിപ്പല്‍ കമ്മീഷണര്‍ വികാസ് കുമാര്‍ പറഞ്ഞു.
തെരുവ് നായ്ക്കളെക്കുറിച്ചുള്ള കൃത്യമായ പ്രാദേശിക തല വിവരങ്ങള്‍ ശേഖരിക്കാന്‍ അധികാരികളെ സഹായിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ആസൂത്രണത്തിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.







