കാസര്‍കോട്: മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് അന്വേഷിക്കാന്‍ പോയ പൊലീസുകാര്‍ക്ക് നേരെ ഗൃഹനാഥന്റെ അക്രമം. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ തായന്നൂര്‍ ചിറ്റിക്കോട്ടെ ഒരു വീട്ടില്‍ വച്ചാണ് സംഭവം. ചിറ്റിക്കോട്ടെ ഗണേഷ് ബാബുവാണ് പൊലീസിന് നേരെ അക്രമം നടത്തിയത്. പിതാവ് മദ്യലഹരിയില്‍ സഹോദരിയെയും മാതാവിനെയും ആക്രമിക്കുന്നുവെന്ന് മകന്‍ സിദ്ധാര്‍ഥ് ഫോണില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എസ്‌ഐ കൃഷ്ണന്‍, എഎസ്‌ഐമാരായ പ്രമോദ് കുമാര്‍, ബിജു കീനേരി എന്നിവര്‍ വീട്ടിലെത്തിയത്. പൊലീസെത്തിയപ്പോഴും വീട്ടില്‍ പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു ഗണേഷ്. വീട്ടുകാരെ ഉപദ്രവിക്കുന്നത് കണ്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എസ്‌ഐ യെയും പൊലീസുകാരെയും ഗണേഷ് തള്ളിയിടുകയായിരുന്നു. കൂടുതല്‍ അക്രമാസക്തമായതോടെ ബലം പ്രയോഗിച്ച് അക്രമിയെ പൊലീസ് കീഴ്‌പ്പെടുത്തി. പിന്നീട് സ്റ്റേഷനിലെത്തിച്ചു. പൊലീസുകാരെ തളളിയിട്ട് കയ്യേറ്റത്തിന് മുതിരുകയും ഔദ്യോഗീക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ ഗണേഷ് ബാബുവിനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.







