തൃശൂര്‍: അരിമ്പൂരില്‍ സുബ്രഹ്‌മണ്യ ക്ഷേത്രോത്സവത്തിനിടെ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന്റെ സ്വര്‍ണ്ണമാല കവര്‍ന്നു. തമിഴ്‌നാട് സ്വദേശി പളനിയമ്മാളിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. തിങ്കഴാഴ്ച വൈകീട്ട് 7 മണിയോടെയാണ് സംഭവം. പേരാമംഗലം സ്വദേശികളുടെ കുഞ്ഞിന്റെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. ഉത്സവത്തിന്റെ പ്രധാന ദിവസമായതിനാല്‍ നിരവധിയാളുകള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. തിരക്കിനിടയില്‍ മാല പൊട്ടിച്ച് യുവതി ഓടുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട മാതാവ് അടുത്തുള്ളവരോട് സംഭവം പറഞ്ഞു. ഉടന്‍ നാട്ടുകാരും പൊലീസും ഓടിപ്പോയ യുവതിയെ പിന്തുടര്‍ന്നു. ആളുകള്‍ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ യുവതി തൊട്ടടുത്ത ഒരു കടയിലേക്ക് മാല വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലായി. മോഷ്ടാവിനെ അന്തിക്കാട് പൊലീസിന് കൈമാറി. മാല പൊട്ടിക്കുന്നതിനിടെ കുഞ്ഞിന് പരിക്കേറ്റിരുന്നു. സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കൊപ്പമുള്ള മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.







