ന്യൂഡല്‍ഹി: ഗോവ ആസ്ഥാനമായുള്ള പ്രാദേശിക എയര്‍ലൈന്‍ ‘ഫ്‌ളൈ91’ വിമാനക്കമ്പനിക്ക് രണ്ട് പുതിയ വിമാനങ്ങള്‍ കൂടി വരുന്നു. ഇതോടെ ഈ കമ്പനിയുടെ ആകെ വിമാനങ്ങളുടെ എണ്ണം ആറാകും. ദുബായ് എയറോസ്‌പേസ് എന്റര്‍പ്രൈസില്‍ നിന്ന് രണ്ട് എടിആര്‍ 72600 ടര്‍ബോപ്രോപ്പ് വിമാനങ്ങളാണ് കമ്പനി പാട്ടത്തിനെടുത്തത്. ഈ മാസം അവസാനത്തോടെ ഫ്രാന്‍സിലെ ടുളൂസില്‍ നിന്ന് വിമാനങ്ങളെത്തും. കര്‍ണാടകയിലെ ഹുബ്ബള്ളി , രാജ്മുണ്ഡ്രി, ആന്ധ്രപ്രദേശിലെ വിജയവാഡ, മഹാരാഷ്ട്രയിലെ നാന്ദേഡ്, ഗോവയിലെ ദബോലിം എന്നിവിടങ്ങള്‍ ബന്ധിപ്പിച്ചായിരിക്കും സര്‍വീസുകള്‍.
ഇന്ത്യയിലെ ടയര്‍-2, ടയര്‍-3 നഗരങ്ങളിലുടനീളം കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും പ്രാദേശിക വ്യോമ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിപുലീകരണമെന്ന് എയര്‍ലൈന്‍ പറയുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഏക വിമാനക്കമ്പനിയാണ് ‘ഫ്‌ളൈ91’. തൃശൂര്‍ സ്വദേശി മനോജ് ചാക്കോ നേതൃത്വം നല്‍കുന്ന ‘ഫ്‌ളൈ 91 എയര്‍ലൈന്‍സ്’ ഗോവ കേന്ദ്രമായി 2023ലാണ് ആരംഭിച്ചത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന മനോജിന് വ്യോമയാന മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവ പരിചയമുണ്ട്.
2024 മാര്‍ച്ചില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനുശേഷം ഗോവ, പുനെ, ഹൈദരാബാദ്, ബെംഗളൂരു, ലക്ഷദ്വീപ് അടക്കം എട്ട് കേന്ദ്രങ്ങളിലേക്ക് ഫ്‌ളൈ91 സര്‍വീസ് നടത്തുന്നുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 50 നഗരങ്ങളെ ബന്ധിപ്പിക്കാനാണ് പദ്ധതി. ഇതില്‍ കേരളത്തിലെ നഗരങ്ങളുമുണ്ടാകുമെന്നാണ് സൂചന. സര്‍വീസിനായി ആകെ 30 വിമാനങ്ങളുമെത്തും. 72 പേരെ വഹിക്കാവുന്ന എടിആര്‍ 72600 മോഡല്‍ വിമാനങ്ങളാണ് ‘ഫ്‌ളൈ91’ ഉപയോഗിക്കുന്നത്.
ഇന്ത്യയുടെ ടെലിഫോണ്‍ കോഡ് ആയ 91 സൂചിപ്പിച്ചാണ് കമ്പനിക്ക് പേരിട്ടിരിക്കുന്നത്. 2025ല്‍ ജനുവരി മുതല്‍ നവംബര്‍ വരെ മാത്രം 2.59 ലക്ഷം യാത്രക്കാരാണ് ‘ഫ്‌ളൈ91’ സര്‍വീസുകള്‍ ഉപയോഗിച്ചതെന്നാണ് ഡിജിസിഎയുടെ കണക്ക്. മുന്‍വര്‍ഷം ഇത് 62,000 പേരായിരുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പ്രതിമാസം 33,000 യാത്രക്കാര്‍ സര്‍വീസ് ഉപയോഗിച്ചു.







