തളിപ്പറമ്പ്: ബാങ്കില്‍ പണയം വച്ച സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തു വിൽപന നടത്താമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയില്‍ നിന്ന് ആറേ മുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂരിലെ കണ്ടത്തില്‍ ജ്വല്ലറി ഉടമ ഇരിക്കൂരിലെ ഹബീബ് റഹീം പള്ളിപ്പാത്തിന്റെ പണമാണ് തട്ടിയെടുത്തത്.
ബാങ്കുകളില്‍ പണയപ്പെടുത്തിയ സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ കഴിയാത്തവര്‍ക്ക് പണം നല്‍കി സ്വര്‍ണ്ണം വാങ്ങിക്കുന്ന ഇടപാടുള്ള ആളാണ് ഹബീബ് റഹിം.
ഇക്കാര്യം അറിഞ്ഞ ഒരാള്‍ ജ്വല്ലറി ഉടമയെ ഫോണിൽ
ബന്ധപ്പെടുകയും മുല്ലക്കൊടി സഹകരണ ബാങ്കിന്റെ ഹെഡ്ഡാഫീസില്‍ പണയപ്പെടുത്തിയ സ്വര്‍ണം ലേലത്തില്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും അറിയിച്ചു.
പണയവസ്തുക്കള്‍ തിരിച്ചെടുക്കാന്‍ പണം നൽകിയാല്‍ ആഭരണം ജ്വല്ലറി ഉടമക്കു തന്നെ വില്‍ക്കാമെന്നും അറിയിച്ചു.
ഇതു പ്രകാരം തിങ്കളാഴ്ച ഉച്ചക്ക് 11 മണിക്ക് മുല്ലക്കൊടി സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന കൊളമ്പച്ചേരി മുക്കില്‍ ജ്വല്ലറി ഉടമയെത്തി. ഈ സമയത്ത് ഫോണ്‍ ചെയ്ത ആള്‍ സ്ഥലത്ത് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഭാര്യ ബാങ്കിനകത്ത് ഇരിക്കുന്നുണ്ടെന്നും നിങ്ങളില്‍ നിന്നാണ് പണം വാങ്ങിതെന്നു അറിയേണ്ടെന്നും പണയ സ്വര്‍ണ്ണം എടുത്ത് ഉടന്‍ വരാമെന്നും പറഞ്ഞ് പണം കൈക്കലാക്കുകയായിരുന്നു.
എന്നാല്‍ പണംവാങ്ങിയ ആൾ ബാങ്കിലേക്ക് പോകാതെ ബാങ്കിനോട് ചേര്‍ന്നുള്ള ഊടുവഴിയിലൂടെ കടന്നു പോയി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ കയറിപ്പോവുകയായിരുന്നുവത്രെ. ഇക്കാര്യങ്ങളൊന്നും ജ്വല്ലറിയുടമ അറിഞ്ഞിരുന്നില്ല. ഏറെ നേരം കഴിഞ്ഞിട്ടും പണവുമായി പോയ ആള്‍ ആഭരണങ്ങളുമായി തിരിച്ചെത്താത്തതിനെ തുടർന്നാണ് താൻ കബളിപ്പിക്കപ്പെട്ടുവെന്നു മനസ്സിലാക്കി പൊലീസില്‍ പരാതി നല്‍കിയത്.







