കാസര്‍കോട്: ബള്ളൂര്‍ ഗവ. സ്‌കൂളിന്റെ ഒരു ഭാഗത്തുള്‍പ്പെട്ട മുറ്റവും ഗ്രൗണ്ടും കൈവശപ്പെടുത്തി കെട്ടിയ മുള്ളുവേലിയും അതുറപ്പിച്ച കോണ്‍ക്രീറ്റ് പില്ലറുകളും വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് ഇന്നലെ വൈകിട്ട് അടിച്ചു തകര്‍ത്തു പൊടിപൊടിയാക്കി. അതിനു ശേഷം വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ഗ്രൗണ്ടിലിറങ്ങി ഉല്ലാസ നൃത്തം വച്ചു. ഗ്രൗണ്ടിലാകെ ഓടിനടന്നു കളിച്ചു രസിച്ചു.
1947 ആഗസ്റ്റ് 15നു സ്ഥലവാസിയായ സുബ്രഹ്‌മണ്യ എന്നയാളാണ് പ്രസ്തുത സ്ഥലം സ്‌കൂള്‍ സ്ഥാപിക്കുന്നതിനു സര്‍ക്കാരിനു നല്‍കിയതെന്നു പറയുന്നു. പ്രസ്തുത സ്ഥലത്ത് സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ക്ലാസുകള്‍ തുടര്‍ന്നു വരികയുമാണ്. അതിനിടയില്‍ സ്ഥലത്തിനു നടുവിലൂടെ റോഡ് വിപുലീകരിച്ചു. സ്‌കൂളിന്റെ കിന്റര്‍ഗാര്‍ട്ടന്‍ വിഭാഗം മുതല്‍ എല്‍പി-യുപി വിഭാഗവും പാചകപ്പുരയും സ്‌കൂള്‍ ഗ്രൗണ്ടും ഒരു ഭാഗത്തും ഹൈസ്‌കൂള്‍ വിഭാഗം മറുഭാഗത്തുമാവുകയായിരുന്നു.
ഞായറാഴ്ച വൈകിട്ട് സ്ഥലം അളന്നു കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുകയും കമ്പിവേലി കെട്ടുകയുമായിരുന്നു. തിങ്കളാഴ്ച കായിക പരിശീലന സമയത്താണെന്നു പറയുന്നു വിദ്യാര്‍ത്ഥികള്‍ വേലിയും കോണ്‍ക്രീറ്റ് തൂണുകളും പൊടിപൊടിയാക്കുകയായിരുന്നുവത്രെ.
സ്‌കൂളിനു സംഭാവന ചെയ്ത സ്ഥലത്തേക്കാള്‍ കൂടുതല്‍ സ്ഥലം സ്‌കൂള്‍ കയ്യേറിയെന്നാരോപിച്ചു സ്ഥലമുടമയുടെ മക്കള്‍ നിയമ നടപടി തുടരുകയായിരുന്നു. ഈ കേസ് സ്ഥലമുടമകള്‍ക്ക് അനുകൂലമായി വിധിച്ചിട്ടുണ്ടെന്നും വിധിയുടെ കോപ്പി പൊലീസിനു നല്‍കിയിട്ടുണ്ടെന്നും സ്ഥലമുടമകള്‍ പറയുന്നു. എന്നാല്‍ അത്തരമൊരു ഉത്തരവ് ജില്ലാ പഞ്ചായത്തിനോ ജില്ലാ കളക്ടര്‍ക്കോ പൊലീസ് മേധാവിക്കോ വിദ്യാഭ്യാസ വകുപ്പിനോ ഇന്നലെ വരെ കിട്ടിയിട്ടില്ലെന്ന് അവരും പറയുന്നു. പ്രശ്‌നം നേരിയ തോതില്‍ നാട്ടില്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ടെന്നു പറയുന്നു.
സ്വകാര്യ സ്ഥലം സ്‌കൂളിനു സംഭാവന ചെയ്യുകയും വിദ്യാഭ്യാസ വകുപ്പ് അതേറ്റെടുത്ത് കെട്ടിടങ്ങള്‍ പണിയുകയും ചെയ്യുന്നതിനു മുമ്പു സ്ഥലത്തിന്റെ ഉടമാവകാശം ഗവര്‍ണറുടെ പേരില്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തു വാങ്ങേണ്ടതായിരുന്നുവെന്നു നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതു ചെയ്തിട്ടുണ്ടെങ്കില്‍ ആധാരത്തില്‍പ്പെട്ട സ്ഥലത്തിന് സര്‍ക്കാരിന് അവകാശമുണ്ടെന്നും അല്ലാത്ത പക്ഷം സ്ഥലം ഉടമാവകാശം ഉടമക്കായിരിക്കുമെന്നും അവര്‍ സൂചിപ്പിച്ചു.







