കൊച്ചി: മരടിലെ ആള്‍ത്താമസമില്ലാത്ത കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചനിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുത്തന്‍കുരിശ് സ്വദേശി സുഭാഷിന്റെ (51) മൃതദേഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞു. കെട്ടിടത്തിന്റെ മുകളില്‍നിന്ന് സുഭാഷിന്റെ പേരിലുള്ള ഐഡി കാര്‍ഡ്, കിടക്കവിരി, ബാഗ് തുടങ്ങിയ വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. സഹോദരിയുടെ ഭര്‍ത്താവ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. തലയ്ക്കു പിന്നില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കാലുകള്‍ക്കും ഒടിവുണ്ട്.
കെട്ടിടത്തിന് തൊട്ടടുത്ത കായലില്‍ കുട്ടവഞ്ചിയില്‍ മീന്‍ പിടിക്കാന്‍ വന്നവര്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മരടിലാണ് സുഭാഷിന്റെ സഹോദരിയെ വിവാഹം കഴിച്ചയച്ചത്. ഒരു മാസം മുന്‍പ് സുഭാഷ് വീട്ടില്‍ ചെന്നിരുന്നതായി സഹോദരി ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.







