പാലക്കാട്: ബില്‍ അടയ്ക്കാത്തതിന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെ വൈദ്യുതി ഫ്യൂസ് കെ.എസ്.ഇ.ബി അധികൃതര്‍ ഊരിയെടുത്തു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ വൈദ്യുതി ബില്ലായ 55,476 രൂപ കുടിശ്ശിക വന്നതോടെയാണ് കെ.എസ്.ഇ.ബിയുടെ നടപടി. ജനുവരി രണ്ടിനാണ് ഫ്യൂസ് ഊരിയത്. നിരവധി തവണ മുന്നറിയിപ്പും നോട്ടീസും നല്‍കിയിട്ടും ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് കെ.എസ്.ഇ. ബി. അസി.എന്‍ജിനീയര്‍ അറിയിച്ചു.
ഫ്യൂസ് ഊരിയതോടെ പാലക്കാട് ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം നിലച്ചു. എഐ ക്യാമറകളുടെ നിരീക്ഷണവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കുന്ന ഓഫീസിന്റെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. വകുപ്പിന്റെ ആകെയുള്ള അഞ്ച് ഇലക്ട്രോണിക് വാഹനങ്ങളും ചാര്‍ജ് ചെയ്യാനാവാത്ത സ്ഥിതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനവും നിലച്ചു.
ജീവനക്കാര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തിലാണെന്ന് പറയുന്നു. മാസം രണ്ടരക്കോടി രൂപയുടെ വരുമാനം സര്‍ക്കാരിന് ഉണ്ടാക്കിക്കൊടുക്കുന്ന ഓഫീസിനാണ് ഈ ദുരനുഭവം നേരിട്ടതെന്ന് ജീവനക്കാര്‍ പരിഭവിക്കുന്നു. ഇതോടൊപ്പം ജനുവരി മാസത്തെ വൈദ്യുതി ഉപയോഗത്തിന് 23,332 രൂപയുടെ ബില്ലും കെ.എസ്.ഇ.ബി കൈമാറിയിട്ടുണ്ട്. ഇതോടെ ആകെ പിഴ തുക ഉള്‍പ്പെടെ 78,903 രൂപ അടയ്‌ക്കേണ്ടി വരും. ജനുവരി 24ന് ആണ് ഈ തുക അടയ്‌ക്കേണ്ടത്.







