കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനു സമീപത്ത് ഉണ്ടായ വാഹനാപകടത്തില്‍ പൊലീസ് വകുപ്പ് ജീവനക്കാരനു ഗുരുതര പരിക്ക്. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലെ പാര്‍ട്ട് ടൈം ജീവനക്കാരന്‍ മുളിയാര്‍, ബാവിക്കരയിലെ ബാബുരാജി(64)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടെയാണ് അപകടം. വിദ്യാനഗറിലുള്ള ഓഫീസിലേക്ക് ഡ്യൂട്ടിക്കായി വരികയായിരുന്നു ബാബുരാജ്. ഇദ്ദേഹം ഓടിച്ചിരുന്ന സ്‌കൂട്ടര്‍ പുതിയ ബസ് സ്റ്റാന്റ് പഴയ സര്‍ക്കിളിനു സമീപത്ത് എത്തിയപ്പോള്‍ മംഗ്‌ളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിടിച്ചാണ് അപകടം. ലോറിയുടെ മുന്‍ ചക്രത്തിനിടയില്‍ കുടുങ്ങിപ്പോയ ബാബു രാജിനെ ഓടിക്കൂടിയവര്‍ പുറത്തെടുക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. തുടര്‍ന്ന് ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ഉമേശിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ ബാബുരാജിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.







