കാസര്‍കോട്: പുല്ലൂരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചികില്‍സക്കിടെ മരിച്ചു.
പുല്ലൂര്‍ കേളോത്ത് അക്കരമ്മല്‍ കെ കൃഷ്ണന്റെയും ശ്രീജയുടെയും മകള്‍ കെ രൂപിക (16) ആണ് മരിച്ചത്. പരവനടുക്കം എംആര്‍എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വീട്ടിലെ കിടപ്പുമുറിയുടെ ഫാനില്‍ തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടത്. ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചിരുന്നു. തിരിച്ച് കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്പലത്തറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.







