കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുറ്റിക്കോലില്‍ കടയില്‍ നിന്നു പട്ടാപ്പകല്‍ 45,000 രൂപ കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ഇരിട്ടി, പെരിങ്കാരി, കുരുവികാട്ടില്‍ സജു എന്ന കുരുവി സജു അറസ്റ്റില്‍. നിലവില്‍ നീലേശ്വരം തൈക്കടപ്പുറത്താണ് ഇയാള്‍ താമസം. മോഷണത്തിനു പിന്നില്‍ കുരുവി സജുവാണെന്നു കാണിച്ച് ജില്ലാ പൊലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബേഡകം എസ് ഐ സുമേഷ്, എ എസ് ഐ നാരായണന്‍, പൊലീസുകാരായ ബിനീഷ്, വിനീഷ് എന്നിവര്‍ തൈക്കടപ്പുറത്തെത്തിയാണ് പ്രതിയെ പിടികൂടിയത്.
ഡിസംബര്‍ 22ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുറ്റിക്കോല്‍ നെരൂദ സ്വാശ്രയ സംഘത്തിന്റെ പണമാണ് മോഷണം പോയത്. പണം മറ്റൊരാള്‍ക്ക് നല്‍കുന്നതിനായി കുറ്റിക്കോല്‍ ടൗണിലുള്ള പനച്ചിക്കാട് കുഞ്ഞികൃഷ്ണന്റെ അനാദിക്കടയില്‍ ഏല്‍പ്പിച്ചതായിരുന്നു. കുഞ്ഞികൃഷ്ണന്‍ കടയില്‍ നിന്നു പുറത്തു പോയ സമയത്തായിരുന്നു മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ച്ച പോയത്. മോഷ്ടാവിന്റേതെന്നു സംശയിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതു പരിശോധിച്ചാണ് കവര്‍ച്ചയ്ക്കു പിന്നില്‍ കുരുവി സജുവാണെന്നു തെളിഞ്ഞതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. 25ല്‍പ്പരം മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ജില്ലയില്‍ ആദൂര്‍, വെള്ളരിക്കുണ്ട്, കാസര്‍കോട്, ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുള്ളതായി കൂട്ടിച്ചേര്‍ത്തു.







