ന്യൂഡൽഹി: ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ടക്കൊല. പലചരക്ക് കടയുടമയായ മോനി ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഏകദേശം 10 മണിയോടെ നാർസിംഗ്ഡി ജില്ലയിൽ മോണി ചക്രവർത്തിയെ മൂർച്ചയേറിയ ആയുധങ്ങൾകൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. തിങ്കളാഴ്ച ജഷോർ ജില്ലയിൽ ഫാക്ടറി ഉടമയും നരൈൽ ആസ്ഥാനമായുള്ള ദിനപത്രത്തിന്റെ ആക്ടിങ് എഡിറ്ററുമായിരുന്ന 45 വയസ്സുള്ള റാണ പ്രതാപിനെ ഒരു സംഘം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. കേശബ്പൂർ ഉപജില്ലയിലെ ഒരു സ്‌കൂൾ അധ്യാപകന്റെ മകനാണ് പ്രതാപ്. കോപ്പാലിയ ബസാറിൽ രണ്ട് വർഷമായി ഐസ് ഫാക്ടറി നടത്തി വരികയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം, ചിലർ അദ്ദേഹത്തെ ഐസ് ഫാക്ടറിയിൽനിന്ന് പുറത്തേക്ക് വിളിക്കുകയും ഇടവഴിയിലേക്ക് കൊണ്ടുപോയി വെടിവെക്കുകയുമായിരുന്നു. അതിന് ശേഷം കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. അടുത്തിടെ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ ആക്രമങ്ങൾ വർധിച്ചുവരികയാണ്. ശനിയാഴ്ച, ജെന്നൈദ ജില്ലയിൽ ഒരു ഹിന്ദു സ്ത്രീയെ രണ്ട് പേർ ബലാത്സംഗം ചെയ്യുകയും മരത്തിൽ കെട്ടിയിട്ട് മുടി മുറിക്കുകയും ചെയ്ത സംഭവം നടന്നിരുന്നു. ഇത് റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. സ്ത്രീ ബോധരഹിതയായതിനെ തുടർന്ന് പ്രാദേശികവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.കഴിഞ്ഞയാഴ്ച ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ഖോകൻ ചന്ദ്ര ദാസ് എന്ന യുവാവ് ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.







