കൊച്ചി: മുസ്ലിം ലീഗ് നേതാവും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായിരുന്ന വികെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകീട്ട് ആറുമുതല്‍ കളമശേരിയില്‍ പൊതുദര്‍ശനത്തിന് വെക്കും. രാത്രി പത്തോടെ ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ആലങ്ങാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
2011- 16വരെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്നു. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാലുതവണ തുടര്‍ച്ചയായി എംഎല്‍എയും രണ്ടു തവണ മന്ത്രിയും ആയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ഉന്നത അധികാര സമിതി അംഗവും ഐയുഎംഎല്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ആരംഭം. പിന്നീട് യൂത്ത് ലീഗ്, ജില്ലാ മുസ്ലിം ലീഗ് എന്നിവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മട്ടാഞ്ചേരിയില്‍ നിന്നും 2011, 2016 തിരഞ്ഞെടുപ്പുകളില്‍ പുതുതായി രൂപീകരിച്ച കളമശ്ശേരിയില്‍ നിന്നും ജയിച്ച് നിയമസഭയിലെത്തി. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വികെ ഇബ്രാഹിം കുഞ്ഞിനെ 2020 നവംബറില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. 2021 ജനുവരിയില്‍ ആരോഗ്യനില പരിഗണിച്ച് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
മുസ്ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍, കുസാറ്റ് സിന്‍ഡിക്കേറ്റ് മെമ്പര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മന്ത്രിയായിട്ടുള്ള പ്രവര്‍ത്തന മികവിന് ഇന്ത്യയിലെ പ്രമുഖ പത്രമായ ഡെക്കാന്‍ ക്രോണിക്കിളിന്റെ 2012 മികച്ച മന്ത്രിക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് മിനിസ്റ്റര്‍ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യുഎസ്എ ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ അവാര്‍ഡ് എന്നിവയ്ക്കും അര്‍ഹനായി.







