ചെറുവത്തൂരില്‍ ഒരുകായിക താര കുടുംബം; ആശാലതയ്ക്ക് സംസ്ഥാന തലത്തില്‍ സ്വര്‍ണമുള്‍പ്പെടേ നാലു മെഡലുകള്‍

കാസര്‍കോട്: ചെറുവത്തൂരില്‍ സ്‌പോര്‍ട്‌സ് കുടുംബം ദേശീയതലത്തില്‍ ശ്രദ്ധേയമാവുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ഇടുക്കി കട്ടപ്പന നെടുങ്കണ്ടത്ത് നടന്ന 44 മത് മലയാളി മാസ്റ്റേഴ്‌സ് സംസ്ഥാന മീറ്റില്‍ ചെറുവത്തൂരിലെ ആശാലത അഞ്ചു ഇനങ്ങില്‍ മെഡല്‍ കരസ്ഥമാക്കി. 4 x 100 മീറ്റര്‍ റിലേ മല്‍സരത്തില്‍ സ്വര്‍ണ മെഡലും, 4 x 100 മീറ്റര്‍ റിലേയില്‍ വെള്ളി മെഡലും നേടി. അഞ്ചുകിലോമീറ്റര്‍ ഓട്ട മല്‍സരത്തില്‍ ഓട്ടുമെഡലും ലഭിച്ചു. 10,000 മീറ്റര്‍ ഓട്ട മല്‍സരത്തില്‍ ദേശീയമല്‍സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുകയും ചെയ്തു. ഫെബ്രുവരി 28ന് തിരുവനന്തപുരത്താണ് ദേശീയമല്‍സരം. കായികരംഗത്ത് ശ്രദ്ധേയമായ തിളക്കം പ്രകടിപ്പിച്ച ആശാലതയെപോലെ അവരുടെ ഭര്‍ത്താവ് ഗോപാലനും കായിക രംഗത്ത് ദേശിയ തലത്തില്‍ ശ്രദ്ധേയനാണ്. സംസ്ഥാന-ദേശീയ തലങ്ങളില്‍ നിരവധി സമ്മാനങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഗുസ്തിയാണ് അദ്ദേഹത്തിന്റെ ഇഷ്ടകായിക ഇനം. ദേശീയ മല്‍സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇരുവരും കാസര്‍കോട് കളക്ടറേറ്റിലെ ജീവനക്കാരുമാണ്. കായികരംഗത്ത് മാതാപിതാക്കള്‍ നേടുന്ന അംഗീകാരങ്ങള്‍ക്ക് പിന്നാലെ മക്കളും കായിക പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുന്നു. മൂത്തമകന്‍ അജി 53 കിലോ വിഭാഗം പവര്‍ ലിഫ്റ്റിങില്‍ സംസ്ഥാനതലത്തില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. ഐടിഐ വിദ്യാര്‍ഥിയാണ്. രണ്ടാമത്തെ മകന്‍ ആദിനാഥിന് മാരത്തോണ്‍ ഓട്ടത്തിനോടാണ് ഇഷ്ടം. കാസര്‍കോട് ടൗണ്‍ യുപിയില്‍ ആറാംക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവിനൊപ്പമാണ് ആദിനാഥ് മാരത്തോണില്‍ പരിശീലനം നടത്തുന്നത്. നാലാംക്ലാസ് വിദ്യാര്‍ഥിയായിരിക്കെ ഏഴുകിലോമീറ്റര്‍ ഓട്ടമല്‍സരത്തില്‍ ആദിനാഥ് വിജയിച്ചിരുന്നു. ഈ വിജയം ആദിനാഥിനു സംസ്ഥാന തലത്തില്‍ പ്രശസ്തി നേടിക്കൊടുത്തു. മൂന്നാമത്തെ മകന്‍ അലോക് മൂന്നാംക്ലാസില്‍ പഠിക്കുന്നു. മല്‍സരങ്ങള്‍ക്കൊന്നുമിറങ്ങിയിട്ടില്ലെങ്കിലും കായിക രംഗത്ത് മാതാപിതാക്കളും സഹോദരന്മാരും നേടുന്ന വിജയങ്ങളിലും അംഗീകാരങ്ങളിലും അതീവ തല്‍പ്പരനാണ്. എല്ലാ കളികളോടും അടുപ്പംകൂടുന്നുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page