കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരില്‍ ഭീതി പരത്തി തേനീച്ചക്കൂടുകള്‍. വിമാനത്താവളത്തിലെ രണ്ടാംനിലയിലെ പുറപ്പെടല്‍ കേന്ദ്രത്തിലെ മേല്‍ക്കൂരയില്‍ നിരയായി കൂടുകൂട്ടിയിരിക്കുകയാണ് തേനീച്ചകള്‍. സ്വര്‍ണവര്‍ണത്തില്‍ തൂങ്ങിനില്‍ക്കുന്ന തേനീച്ചക്കൂടുകള്‍ ദൂരെനിന്നുതന്നെ കാണാം. കെട്ടിടത്തിന്റെ വലതുഭാഗത്ത് 33ഉം ഇടതുഭാഗത്ത് 30ഉം കൂടുകളാണുള്ളത്. ചില കൂടുകളില്‍ നിന്നും തേനീച്ചകള്‍ തനിയെ ഒഴിഞ്ഞുപോയിട്ടുണ്ട്.
ഏഴുവര്‍ഷമായി തേനീച്ചകളും കൂടുകളും ഇവിടെയുണ്ടെങ്കിലും ഇതുവരെ ആരെയും ആക്രമിച്ചിട്ടില്ല. ഇവയെ തുരത്താന്‍ പല പരീക്ഷണങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല. 60 മീറ്റര്‍ ഉയരത്തിലുള്ള വിമാനത്താവളത്തിന്റെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കൂടുകൂട്ടിയതിനാല്‍ ഇത്രയും ഉയരത്തിലുള്ള തേനീച്ചക്കൂടുകള്‍ മാറ്റുന്നത് ശ്രമകരമാണെന്ന് അധികൃതര്‍ പറയുന്നു. അവസാന പ്രതീക്ഷ എന്നനിലയില്‍ ആദിവാസി വിഭാഗങ്ങളുടെ സേവനം തേടാനാണ് നീക്കം. മുഴുവന്‍ തേനീച്ചക്കൂടിലെ തേനും അവര്‍ക്ക് സൗജന്യമായി നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. തേനീച്ചകളെ നശിപ്പിക്കാതെ മറ്റൊരിടത്തേക്ക് മാറ്റാനും കൂടുകള്‍ ഒഴിവാക്കുകയുമാണ് ലക്ഷ്യം.







