ബംഗ്‌ളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര കര്‍ണ്ണാടക, യെല്ലാപുരത്തെ റഫീഖ് ഇമാം സാബി(33)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ പാചകത്തൊഴിലാളിയും പത്തു വയസ്സുള്ള മകന്റെ മാതാവും വിവാഹമോചിതയുമായ യെല്ലാപുര,കാലമ്മ നഗര്‍ സ്വദേശിനിയുമായ രഞ്ജിത (30)കൊലക്കേസിലെ പ്രതിയാണ് റഫീഖ്. ശനിയാഴ്ചയാണ് യുവതി അതിക്രൂരമായി കൊല്ലപ്പെട്ടത്. സ്‌കൂള്‍ കാലം മുതല്‍ പരിചയക്കാരാണ് ഇരുവരും. മഹാരാഷ്ട്ര സോളാപൂര്‍ സ്വദേശിയായ സച്ചിന്‍ എന്ന ആളുമായി 12 വര്‍ഷം മുമ്പാണ് രഞ്ജിതയുടെ വിവാഹം നടന്നത്. ഇരുവരും വേര്‍പിരിഞ്ഞ ശേഷം മകനെയും കൂട്ടി സ്വവസതിയില്‍ തിരിച്ചെത്തിയ രഞ്ജിത സ്‌കൂളില്‍ പാചകത്തൊഴിലാളിയായാണ് ജീവിതം മുന്നോട്ട് നീക്കിയിരുന്നത്. ഇതിനിടയില്‍ റഫീഖ് യുവതിയോട് നിരവധി തവണ വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നതായി പറയുന്നു. എന്നാല്‍ ഇതിനു വഴങ്ങാന്‍ രഞ്ജിതയും വീട്ടുകാരും തയ്യാറായിരുന്നില്ല. ഇതിനൊടുവിലാണ് നടുറോഡില്‍ കൊലപാതകം നടന്നത്.
സംഭവം വലിയ വിവാദത്തിനു ഇടയാക്കിയിരുന്നു. ലവ് ജിഹാദ് ആരോപിച്ച് ശ്രീരാമസേന അധ്യക്ഷന്‍ പ്രമോദ് മുത്തലിക് രംഗത്തു വരികയും സംഘര്‍ഷത്തിനു ഇടയാക്കുകയും ചെയ്തിരുന്നു. ഇതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിനിടയിലാണ് റഫീഖിനെ വനത്തിനു അകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.







