മുംബൈ: കയ്യില്‍ കേറിപ്പിടിച്ച കുട്ടികളായ ആരാധകരോട് ക്രിക്കറ്റ് താരം രോഹിത് ശര്‍മ ദ്വേഷ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. മകളുടെ പിറന്നാള്‍ ആഘോഷത്തിന് ജാംനഗറില്‍നിന്ന് മുംബൈയിലെത്തിയപ്പോഴായിരുന്നു സംഭവം. രോഹിത്തിനൊപ്പം ഭാര്യയും കുഞ്ഞും ഉണ്ടായിരുന്നു. കാറിലിരിക്കുകയായിരുന്ന രോഹിത് ശര്‍മ തന്നെ കാണാന്‍ വന്ന കുട്ടികള്‍ക്ക് നേരെ കൈ വീശിക്കാണിക്കുന്നതും ഒന്നുരണ്ട് പേര്‍ക്ക് കൈ കൊടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
പിന്നാലെ കൂടുതല്‍ കുട്ടികള്‍ ഓടിയെത്തുകയും രോഹിത്തിന്റെ കയ്യില്‍ കയറിപ്പിടിക്കുകയുമായിരുന്നു. കുട്ടികള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതും കാണാം. നീങ്ങിത്തുടങ്ങിയ കാറിനൊപ്പമാണ് കുട്ടികളും രോഹിത്തിന്റെ കൈ പിടിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നത്.
ഇതോടെ രോഹിത് ശര്‍മ ദേഷ്യത്തോടെ കുട്ടികള്‍ക്കുനേരെ കൈ ചൂണ്ടി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് കാറിന്റെ ഗ്ലാസ് ഉയര്‍ത്തി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. രോഹിത് ദേഷ്യപ്പെട്ട് സംസാരിച്ചതല്ലെന്നും കുട്ടികള്‍ക്ക് അപകടം സംഭവിക്കാതിരിക്കാനായി പറഞ്ഞുവിട്ടതാണെന്നും ചിലര്‍ കുറിച്ചു. വീഡിയോയുടെ തുടക്കത്തില്‍ താരം സന്തോഷവാനായാണ് കാണപ്പെട്ടതെന്നും തമാശയ്ക്ക് ചൂടായതാണെണെന്നും ആരാധകരില്‍ ചിലര്‍ പറയുന്നു.







