അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നു കുട്ടികൾക്കും വീട്ടുജോലിക്കാരിക്കും ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശി മലയൻ അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷാസ് (14), അമ്മാർ (12), അയാഷ് (5), വീട്ടുജോലിക്കാരി പൊന്നാനി ചമ്രവട്ടം സ്വദേശിനി ബുഷ്‌റ എന്നിവരാണ് മരിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ലത്തീഫ്, ഭാര്യ ഷെരീഫ, ഇവരുടെ മറ്റ് രണ്ട് മക്കൾ എന്നിവരെ അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അസമിന്റെ നില ഗുരുതരമാണ്. അബുദാബിയിൽ നിന്ന് അൽ ഐനിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അപകടം. വർഷങ്ങളായി അബുദാബിയിൽ ബിസിനസ് നടത്തുകയായിരുന്നു ലത്തീഫും കുടുംബവും. ലിവ മരുഭൂമിയിൽ നടക്കുന്ന ആഘോഷത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ ആണ് അപകടമുണ്ടായത്. ബുഷറയുടെ ഭർത്താവ് ഫയാസ്. മകൻ നിസാമുദ്ദീൻ.







