കാസര്‍കോട്: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരിനും തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കാസര്‍കോട് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിങ്കളാഴ്ച 12 മണിയോടെയാണ് സംഭവം. ഡിസിസി ഓഫീസ് പരിസരത്ത് നിന്നു ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിനു മുന്നില്‍ ഡിസിസി വൈസ് പ്രസിഡണ്ട് ബിപി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു ഇടയാക്കിയത്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ആര്‍ കാര്‍ത്തികേയന്‍ ആധ്യക്ഷം വഹിച്ചു. നേതാക്കളായ ഉനൈസ് ബേഡകം, റാഫി അഡൂര്‍, വിനോദ്, ശ്രീനാഥ് ബദിയഡുക്ക, സുജിത്ത് തച്ചങ്ങാട്, അക്ഷയ എസ് ബാലന്‍, രജിത, ആബിദ് എടച്ചേരി, വസന്തന്‍ ബന്തടുക്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.








