ന്യൂഡല്‍ഹി: 27 ന് ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചു ദിവസമാക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്.
ബാങ്ക് ജീവനക്കാരുടെ രാജ്യത്തെ ഒമ്പത് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് പണിമുടക്ക് ആഹ്വാനം നല്‍കിയിട്ടുള്ളത്. 2023ല്‍ ഇതുസംബന്ധിച്ച് ബാങ്ക് മാനേജ്‌മെന്റ് തീരുമാനിച്ചെങ്കിലും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ സംഘടന പണിമുടക്ക് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.
27ന് പണിമുടക്ക് നടന്നാല്‍ റിപ്പബ്ലിക് ദിന അവധിയും ശനി, ഞായര്‍ അവധികളും ഉള്‍പ്പെടെ നാലു ദിവസം ബാങ്കുകള്‍ തുടര്‍ച്ചയായി അടഞ്ഞു കിടക്കും. ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ നാലുദിവസം അവധി ആകുകയും ചെയ്യും.







