കാസര്‍കോട്: ബള്ളൂര്‍ ഗവ. സ്‌കൂള്‍ കെട്ടിടത്തിനു മുന്നില്‍ സ്വകാര്യ വ്യക്തി വേലി കെട്ടി.
സ്‌കൂള്‍ സ്ഥലവുമായി ബന്ധപ്പെട്ട കേസില്‍ തങ്ങള്‍ക്കനുകൂലമായി വിധി വന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ നികുതി അടക്കുകയും അതിന്റെ രസീത് പൊലീസിനെ കാണിക്കുകയും ചെയ്തതിനു ശേഷമാണ് വേലി കെട്ടിയതെന്നു പറയുന്നു. 1947ല്‍ കടമ്പലിത്തായ എന്ന സാമൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ തല്‍പ്പരനുമായ ആള്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിനു സര്‍ക്കാരിനു നല്‍കിയ സ്ഥലമാണിത്. അദ്ദേഹത്തിന്റെ മരണശേഷം സ്‌കൂളിനു നല്‍കിയ സ്ഥലത്തേക്കാള്‍ കൂടുതല്‍ സ്ഥലം സ്‌കൂളിന്റെ കൈവശമുണ്ടെന്നും അതു തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരന്റെ മക്കള്‍ കോടതിയെ സമീപിച്ചിരുന്നു. ആ കേസില്‍ തീര്‍പ്പായെന്ന് അവകാശപ്പെട്ടാണ് ഞായറാഴ്ച ഉച്ച മുതല്‍ അര്‍ധരാത്രി വരെ സ്ഥലം അളന്ന് വേലി കെട്ടിയതെന്നു പിടിഎ ഭാരവാഹികള്‍ പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍ സ്‌കൂളിലെ എല്‍പി, യുപി, പ്രീപ്രൈമറി വിഭാഗങ്ങളും കഞ്ഞിപ്പുരയും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നു പിടിഎ ഭാരവാഹികളും പ്രവര്‍ത്തകരും അറിയിച്ചു. ഇതു സംബന്ധിച്ചു പിടിഎ ഇന്നലെത്തന്നെ പൊലീസിനെ അറിയിച്ചിരുന്നുവെന്നു പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും സ്ഥലത്തിന്റെ നികുതി രസീത് എതിര്‍കക്ഷികളുടെ കൈയ്യിലുണ്ടെന്നും വീണ്ടും സര്‍വ്വെ നടത്തി സ്‌കൂള്‍ സ്ഥലം കയ്യേറിയിട്ടുണ്ടെങ്കില്‍ വേലി എടുത്തു കളഞ്ഞു നടപടിയെടുക്കുമെന്നും അറിയിച്ചതായി അവര്‍ പറഞ്ഞു. ഹെഡ്മാസ്റ്ററും അധ്യാപകരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ജില്ലാ കളക്ടര്‍ക്കും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കാന്‍ കാസര്‍കോട്ടെത്തിയിട്ടുണ്ട്.









