നാസിക്: പാടവരമ്പത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഓടിയടുത്ത പുലിയില്‍ നിന്ന് രക്ഷപ്പെടുന്നതിന് അടുത്തുണ്ടായിരുന്ന കിണറ്റില്‍ ചാടിയ കര്‍ഷകനും ഒപ്പം ചാടിയ പുലിയും മരിച്ചു. മഹാരാഷ്ട്രയിലെ സാവ്ത മാലി നിവാസിയായ ഗോരഖ് ജാദവ് എന്ന കര്‍ഷകനാണ് ഗോതമ്പു പാടത്തുവച്ച് പുലിയുടെ ആക്രമണം നേരിട്ടത്. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ ജാദവ് കിണറ്റില്‍ വച്ചുതന്നെ മരിച്ചു.
സംഭവമറിഞ്ഞെത്തിയ വനപാലകരെ അക്രമാസക്തരായ നാട്ടുകാര്‍ തടഞ്ഞു. ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് കിണറിനു സമീപത്തേക്ക് പോകാന്‍ കഴിഞ്ഞില്ല. കര്‍ഷകന്റെ മരണത്തിന് കാരണക്കാരനായ പുലിയെ കിണറില്‍നിന്നും രക്ഷിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. മൂന്ന് മണിക്കൂറോളം സ്ഥലത്തു സംഘര്‍ഷാവസ്ഥ നിലനിന്നു. ഇതിനിടെ കിണറ്റില്‍ അകപ്പെട്ട പുലിയും ചത്തു. തുടര്‍ന്ന് വനം വകുപ്പ് രണ്ടുപേരുടെ മൃതദേഹങ്ങളും കിണറില്‍ നിന്നും പുറത്തെടുത്തു. ജാദവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കും പുലിയുടെ ജഡം വനം വകുപ്പും കൊണ്ടുപോയി.







