കള്ളക്കുറിച്ചി: അന്യജാതിക്കാരിയായ മരുമകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന കേസില്‍ അമ്മായി അമ്മയെ അറസ്റ്റുചെയ്തു. തമിഴ് നാട് കള്ളക്കുറിച്ചി ജില്ലയിലെ ശങ്കരപുരം വലയംപട്ട് ഗ്രാമത്തിലെ എം നന്ദിനി (29)യുടെ കൊലപാതകത്തിലാണ് ഭര്‍തൃ മാതാവായ ക്രിസ്റ്റവ മേരി(55) യെ പൊലീസ് അറസ്റ്റുചെയ്തത്. നദീതീരത്ത് കുഴിച്ചിട്ടിരുന്ന നന്ദിനിയുടെ മൃതദേഹം പൊലീസ് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. സംഭവത്തില്‍ പ്രതിയുടെ രണ്ട് ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
അസുഖം മൂലം ആദ്യ ഭര്‍ത്താവ് മരിച്ച നന്ദിനി കുടുംബത്തോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ വിരിയൂര്‍ ഗ്രാമത്തിലെ മരിയ റൊസാരിയോയുമായി പരിചയപ്പെടുകയും പിന്നീട് അദ്ദേഹത്തെ വിവാഹം കഴിക്കുകയും ചെയ്തു. ദമ്പതികള്‍ക്ക് അഞ്ച് വയസ്സുള്ള കുട്ടിയുമുണ്ട്. വിവാഹശേഷം മറ്റൊരു ഗ്രാമത്തില്‍ വാടക വീട്ടില്‍ കഴിയുകയായിരുന്നു കുടുംബം.
മരിയ റൊസാരിയോയുടെ അമ്മ ക്രിസ്റ്റവ മേരി അന്യസമുദായത്തില്‍ നിന്നും മകന്‍ വിവാഹം കഴിച്ചതിന് എതിരായിരുന്നു. ഇതേതുടര്‍ന്ന് മരുമകളുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞദിവസം കുടുംബം താമസിച്ചിരുന്ന വീട്ടിലെത്തിയ ക്രിസ്റ്റവ മേരി നന്ദിനിയെ മതപരമായ ഒരു ചടങ്ങിനായി കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും നന്ദിനിയെ കുറിച്ച് വിവരമൊന്നുമില്ലാതിരുന്നതിനെ തുടര്‍ന്ന് റൊസാരിയോ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ക്രിസ്റ്റവ മേരിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
നന്ദിനിയെ തലയറുത്ത് കൊലപ്പെടുത്തിയശേഷം മണിമുക്ത നദീതീരത്ത് കുഴിച്ചിട്ടതായി മേരി പൊലീസിന് മൊഴിനല്‍കി.
തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. ബന്ധുക്കളുടെ സഹായത്തോടെയാണ് ക്രിസ്റ്റവ മേരി നന്ദിനിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. തുടര്‍ന്ന് അവരെയും കസ്റ്റഡിയിലെടുത്തു.







