കാസർകോട്: നീലേശ്വരത്ത് റോഡിലേക്ക് മറിഞ്ഞുവീണ സ്കൂട്ടർ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ അപകടത്തിൽപ്പെട്ടു. സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ ചോയംകോടാണ് അപകടമുണ്ടായത്. വ്യാപാരിയായ മുകേഷ് ഭാസ്കരൻ വീട്ടിൽ നിന്ന് ചീമേനിയിലെ കടയിലേക്ക് പോകുമ്പോഴാണ് എതിരെ വരുന്ന സ്കൂട്ടർ യാത്രികൻ റോഡിൽ വീഴുന്നത് കണ്ടത്. സ്വകാര്യ ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്കൂട്ടർ റോഡിന്റെ മധ്യത്തിൽ മറിയുകയായിരുന്നു. റോഡിൽ കിടക്കുന്ന ആളെ ഇടിക്കാതിരിക്കാൻ മുകേഷ് കാർ റോഡിന് പുറത്തേക്ക് വെട്ടിച്ച് റോഡരികിലെ മതിലിൽ ഇടിച്ചു നിർത്തുകയായിരുന്നു. റോഡിനോട് ചേർന്ന് ഇലക്ട്രിക് പോസ്റ്റും ഉണ്ടായിരുന്നു. സ്കൂട്ടർ യാത്രികൻ കാസർകോട് അരമന ജ്വല്ലറി ജീവനക്കാരനുമായ ശശികുമാർ ആണ് അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. ശശികുമാറിന് ചെറിയ പരിക്ക് മാത്രമാണുള്ളത്. സംഭവത്തിനുശേഷം ശശികുമാറിന്റെ ചായ്യോത്തെ വീട്ടിൽ മുകേഷ് എത്തി. കാറിനു കേടുപാടുണ്ടായെങ്കിലും ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് മുകേഷ് ഇപ്പോൾ. കാറിലെ ക്യാമറയിലെ അപകട ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.







