ഒളിച്ചുകളി മതിയാക്കണം; ടെറ്റ് നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കണം: എന്‍ടിയു

കാസര്‍കോട്: ടെറ്റ് വിഷയത്തില്‍ ഓരോ ദിവസവും ഓരോ ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പും കേരള സര്‍ക്കാരും അധ്യാപകരെ പറ്റിക്കുകയാണെന്ന് എന്‍ടിയു ജില്ലാ സമ്മേളനം അപലപിച്ചു. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് ഇന്ത്യയില്‍ ടെറ്റ് പരീക്ഷ നിലവില്‍ വന്നത്. അന്ന് കേന്ദ്രം ഭരിച്ച യുപിഎ ഗവ.ആണ് ഈ നിയമം കൊണ്ടുവന്നത്. 2019 ഓഗസ്റ്റ് 23ന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ഒന്നു മുതല്‍ 8 വരെ ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ ടെറ്റ് പരീക്ഷ പാസാകണമെന്ന നിബന്ധന നിലവില്‍ വന്നപ്പോള്‍ കേരളത്തിലെ കെടിഇടി എന്ന പേരില്‍ അത് നടപ്പിലാക്കുന്നതിന് ഇളവ് നല്‍കി. 2012 വരെ കേരള സര്‍ക്കാര്‍ ഇളവ് നല്‍കിയപ്പോള്‍ 2013-14 വര്‍ഷങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്കും നിശ്ചിത കാലാവധിക്ക് ശേഷം കെ ടി ഇ ടി നേടിയാല്‍ മതി എന്ന ആനുകൂല്യം നല്‍കി അധ്യാപകരെ കുരുക്കില്‍ പെടുത്തുകയായിരുന്നു. ഇങ്ങനെ പലതരത്തില്‍ ഇളവ് നല്‍കി അധ്യാപകരെ കുരുക്കില്‍ പെടുത്തിയിട്ട് 2025 സെപ്റ്റംബര്‍ ഒന്നിന് സുപ്രീംകോടതി വിധി വന്നപ്പോള്‍ മുമ്പ് നല്‍കിയ ഇളവുകള്‍ എല്ലാം മറച്ചുവെച്ചുകൊണ്ട് അധ്യാപകരെ മുഴുവന്‍ വഞ്ചിക്കുന്ന ഉത്തരവുകളാണ് ഗവ. ഓരോ ദിവസവും പുറത്തിറക്കുന്നത്. സുപ്രീംകോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കുമെന്ന വാഗ്ദാനവും കേരളം പാലിച്ചില്ല. വിദ്യാഭ്യാസ വകുപ്പില്‍ നാഥനില്ലാത്ത അവസ്ഥയാണ്. ആരാണ് ഇത്തരം ഉത്തരവുകള്‍ ഇറക്കുന്നത് എന്ന് ഒരു നിശ്ചയവുമില്ല’ ഒരു ദിവസം ഉത്തരവുകളിറക്കുകയും അടുത്തദിവസം മരവിപ്പിക്കുകയും ചെയ്യുന്ന അവസ്ഥ. അതുകൊണ്ട് ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ കൃത്യമായ നിലപാട് പ്രഖ്യാപിക്കണമെന്ന് എന്‍ടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എല്‍ പി ക്ലാസുകളില്‍ ഹിന്ദി ഭാഷാ പഠനം ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഹരി ആര്‍ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ടി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ പ്രഭാകരന്‍ നായര്‍, പുഷ്പ ഗോപാലന്‍, പി ഉപേന്ദ്രന്‍, എ. സുചിത, എന്‍.കുഞ്ഞമ്പു, എം. രഞ്ജിത്ത്, പി ചന്ദ്രിക, പി.അരവിന്ദാക്ഷ ഭണ്ഡാരി, ഐ.മഹാബല ഭട്ട് പ്രസംഗിച്ചു.
ജില്ലാ പ്രസിഡണ്ടായി ടി. കൃഷ്ണന്‍, ജനറല്‍ സെക്രട്ടറിയായി കെ. അജിത്ത് കുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page