മഞ്ചേശ്വരം: കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഒരു പക്ഷെ ഒരു പഞ്ചായത്ത് മെമ്പര്‍ സ്ഥാനം പോലും ലഭിക്കാത്ത ഒരു പഞ്ചായത്തെന്ന ബഹുമതി മംഗല്‍പാടിക്കു ലഭിച്ചു. 24 അംഗ പഞ്ചായത്തില്‍ മുന്നണിയുടെ ഭാഗമായും എതിരായും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇവിടെ മത്സരിച്ചെങ്കിലും എല്ലാവരും തോറ്റു. കഴിഞ്ഞ പ്രാവശ്യം കോണ്‍ഗ്രസിന് ഈ പഞ്ചായത്തില്‍ രണ്ടു മെമ്പര്‍മാരുണ്ടായിരുന്നു. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മത്സരിക്കാന്‍ പോലും കോണ്‍ഗ്രസിന് ഒരാളുണ്ടായില്ലെങ്കിലും അത്ഭുതപ്പെടാനില്ലെന്നു ഒറ്റപ്പെട്ട പ്രവര്‍ത്തകര്‍ പറയുന്നു. അതിര്‍ത്തി പഞ്ചായത്തായ മഞ്ചേശ്വരത്തെ 24 വാര്‍ഡുകളില്‍ ഒരെണ്ണം കോണ്‍ഗ്രസിനു ലഭിച്ചു. ഇതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും സീറ്റ് വിഭജനത്തിലും പ്രതിഷേധിച്ചു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ നിന്നു ഉപകരണങ്ങള്‍ എടുത്തുമാറ്റിയ ശേഷം ഓഫീസിനു താഴിട്ട മണ്ഡലം പ്രസിഡന്റ് പൂട്ടുതുറന്ന് കസേര തിരിച്ചു കൊണ്ടിട്ട് അതിലിരുന്നു.
അതേ സമയം കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റിനെ തല്‍സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ഉരുണ്ടുകൂടുകയാണെന്നു പറയുന്നു. സിപിഎം പുറത്താക്കിയ ആളെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം മാലയിട്ടു സ്വീകരിക്കുകയും ഉടനെ മഞ്ചേശ്വരം ബ്ലോക്ക് വൈസ് പ്രസിഡന്റാക്കുകയുമായിരുന്നെന്നു പ്രവര്‍ത്തകര്‍ പറയുന്നു.







