കാസര്‍കോട്: ആവശ്യപ്പെട്ട സാധനം നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കുമ്പള പേരാലിലെ കട തകര്‍ത്ത സംഭവത്തില്‍ പിതാവും മക്കളുമടക്കം 4 പേര്‍ അറസ്റ്റില്‍. പേരാല്‍ സ്വദേശി സദാശിവ(48), മക്കളായ ശ്രാവണ്‍ രാജ്(21), സുദര്‍ശന്‍(25), ബന്ധു ശരത് കുമാര്‍(26) എന്നിവരെയാണ് കുമ്പള എസ്‌ഐ കെ ശ്രീജേഷും സംഘവും പിടികൂടിയത്. ശനിയാഴ്ച വൈകീട്ട് ഏഴരയോടെ മൊഗ്രാല്‍ പേരാലിലെ സിഎം സ്റ്റോഴ്‌സിലാണ് ഇവര്‍ അക്രമം നടത്തിയത്. കടയുടമ പേരാലിലെ അബ്ദുല്‍ റഹ്‌മാ(26)നെയും സഹോദരനായ ബിഎം രിഫായി(19)യെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. സംഘമായി എത്തി കടയില്‍ കയറി അക്രമം നടത്തുകയായിരുന്നു ഇവര്‍. സഹോദരങ്ങളെ ഇവര്‍ ഭീഷണിപ്പെടുത്തുകയും പിന്നീട് കടയിലെ സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തിരുന്നു. 25,000 രൂപയുടെ സാധനങ്ങള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തിരുന്നു. കുമ്പള മേഖലയില്‍ ഗുണ്ടകളുടെ വിളയാട്ടം അനുവദിക്കില്ലെന്നും കര്‍ശന നടപടിയുമായി മുന്നോട്ട് പോകുമെന്നും എസ്‌ഐ കെ ശ്രീജേഷ് അറിയിച്ചു.







