കാസര്‍കോട്: സമൂഹത്തില്‍ സൗഹാര്‍ദ്ദം അടയാളപ്പെടുത്താന്‍ ബിജെപിയുടെ ജിഹ്വ പുതുവര്‍ഷ ദിവസം നടത്തിയ ശ്രമം ആ പ്രസ്ഥാനത്തിനെതിരെ അനുഭാവികളുടെ പ്രതിഷേധത്തിനു വഴി തെളിച്ചു.
2026 ജനുവരി ഒന്നിനു പ്രസിദ്ധീകരിച്ച ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയുടെ കണ്ണൂര്‍, കാസര്‍കോട് എഡിഷന്റെ നാലാം പേജ് മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ അന്നത്തെ എഡിറ്റോറിയല്‍ പേജായിരുന്നു.
ഇടതുമുന്നണിക്കെതിരെയുള്ള വിമര്‍ശനമായിരുന്നു ചന്ദ്രികയുടെ അന്നത്തെ പത്രാധിപകുറിപ്പ്. അതിനു പുറമെ മുസ്ലിം ലീഗ് നേതാക്കന്മാരുടെ ലേഖനങ്ങളും അതേ പേജിലുണ്ടായിരുന്നു. ആദ്യ ലേഖനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടേതായിരുന്നു. ‘ചുമലില്‍ തട്ടി യാത്ര പറയുന്ന 2025’ എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. രണ്ടാമത്തെ ലേഖനം ലീഗ് നേതാവ് ഡോ.എംകെ മുനീറിന്റേതായിരുന്നു-ബങ്കീംചന്ദ്രയുടെ കൃതികള്‍. മൂന്നാമത്തെ ലേഖനം യെലഹങ്ക സംഭവത്തിന്റെ യാഥാര്‍ത്ഥ്യം എന്നതായിരുന്നു. ഒരു ലേഖനത്തില്‍ ആര്‍എസ്എസിനെതിരെ മോശമല്ലാത്ത വിമര്‍ശനവുമുണ്ടായിരുന്നു. ലീഗ് പ്രവര്‍ത്തകരാണ് ജന്മഭൂമിക്കു പറ്റിയ അബദ്ധം ആദ്യം തിരിച്ചറിഞ്ഞതെന്നു പറയുന്നു. ജന്മഭൂമി വായിച്ച ഒരു ലീഗ് പ്രവര്‍ത്തകന്‍ രാവിലെ തന്നെ സാദിഖലി ശിഹാബ് തങ്ങളെ ഫോണില്‍ ബന്ധപ്പെട്ട് അഭിനന്ദനമറിയിച്ചു. ഇത്തരം സഹവര്‍ത്തിത്വം വ്യത്യസ്ത വിഭാഗങ്ങളെ കൂടുതല്‍ സൗഹാര്‍ദ്ദത്തിലാക്കാന്‍ സഹായിക്കുമെന്നു പ്രശംസിക്കുകയും ചെയ്തു.
കാര്യം പിടികിട്ടാതിരുന്ന തങ്ങള്‍ അധികം താമസിയാതെ കാര്യം കണ്ടെത്തി.
കണ്ണൂരില്‍ അച്ചടിക്കുന്ന ചന്ദ്രിക, ജന്മഭൂമി, വീക്ഷണം, സുപ്രഭാതം, സിറാജ് തുടങ്ങിയ പത്രങ്ങളുടെ പേജ് പ്ലേറ്റിലേക്കു പകര്‍ത്തുന്നത് കണ്ണൂരിലെ ഒരു സ്വകാര്യ സിടിപി സെന്ററിലാണ്. കമ്പ്യൂട്ടറില്‍ നിന്നു പ്ലേറ്റിലേക്കു പേജുമാറ്റുന്നതിനിടയില്‍ ജന്മഭൂമിയുടെ നാലാം പേജായി ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജ് മാറുകയായിരുന്നു.
എല്ലാ പേപ്പറുകളിലും മറ്റു പത്രങ്ങളുടെ ഓരോ പേജോ അരപ്പേജോ അതില്‍ കുറവായെങ്കിലും എന്നും വന്നിരുന്നെങ്കില്‍ അതു വലിയ ഗുണമാകുമായിരുന്നെന്നു വായനക്കാര്‍ കരുതുന്നു. സജീവ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഓരോ പത്രങ്ങളുടെ കാഴ്ചപ്പാടും സമീപനങ്ങളും എളുപ്പത്തിലറിയാന്‍ അതു ഉപകാരപ്പെടുമെന്ന ചിന്ത ഈ പ്രശ്‌നത്തോടെ ശക്തിപ്പെടുന്നുണ്ട്.







