ബെംഗളൂരു: എട്ടുമാസം പ്രായുമുള്ള കുഞ്ഞിനെ ബലി നല്‍കാനുള്ള നീക്കം ശിശു സംരക്ഷണ സമിതി ഉദ്യോഗസ്ഥര്‍ തടഞ്ഞു. സംഭവത്തില്‍ ജനതാ നഗറില്‍ താമസിക്കുന്ന സെയിദ് ഇമ്രാനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ഹോസ്‌കോട്ടയിലെ ജനതാ നഗറില്‍ ആണ് സംഭവം. പൗര്‍ണമി നാളായ ശനിയാഴ്ച കുഞ്ഞിനെ ബലി നല്‍കാനുള്ള നീക്കമാണ് ശിശു സംരക്ഷണ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലില്‍ പൊളിഞ്ഞത്. വീട്ടിനുള്ളില്‍ ബലിത്തറയടക്കം സജ്ജമാക്കിയിരുന്നു. ഇമ്രാന്റെ വീട്ടില്‍ നടക്കുന്ന അസാധാരണ നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സമീപവാസികള്‍ സംഭവം ആരായുകയായിരുന്നു. ഇമ്രാനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയിരുന്നില്ല. സംശയം തോന്നിയ ചിലര്‍ ശിശു സംരക്ഷണ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥര്‍ എത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. എന്നാല്‍ സെയ്ദ് ഇമ്രാന്‍ ബലി നല്‍കാന്‍ തുനിഞ്ഞ കുഞ്ഞ് അദ്ദേഹത്തിന്റെതല്ലെന്ന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ കുഞ്ഞിനെ വിലയ്ക്ക് വാങ്ങിയതാണ് എന്നാണ് ഇമ്രാന്റെ മൊഴി. കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൗര്‍ണമി ദിവസം കുഞ്ഞിനെ ബലി നല്‍കിയാല്‍ സാമ്പത്തിക പ്രതിസന്ധി മാറും എന്ന് ഇമ്രാനെ ആരോ വിശ്വസിപ്പിച്ചിരുന്നതായാണ് വിവരം. പ്രദേശത്ത് മന്ത്രവാദം, ആഭിചാരക്രിയ എന്നിവ നടത്തുന്ന ആളുകളെ കുറിച്ചുള്ള വിവരവും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സുളിബലെ പൊലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നത്.







